കൊവിഡ്19: ദില്ലിയിലെ കൊറോണ ബാധിതൻ പാർട്ടി നടത്തിയ നോയ്‌ഡയിലെ സ്‌കൂൾ അടച്ചു

By Web TeamFirst Published Mar 3, 2020, 12:04 PM IST
Highlights

രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കർശനമായി പരിശോധിക്കുന്നുണ്ട്. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്

ദില്ലി: ഇന്ത്യയിൽ വീണ്ടും കൊവിഡ്19 ബാധ സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ തലസ്ഥാന പരിധിയിൽ പെടുന്ന നോയ്ഡയിലെ സ്കൂൾ അടച്ചു. ദില്ലിയിൽ രോഗം സ്ഥിരീകരിച്ചയാൾ നോയ്ഡയിലെ സ്കൂളിൽ പാർട്ടി നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ഈ പാർട്ടിയിൽ പങ്കെടുത്തവരെ നിരീക്ഷിക്കുമെന്നാണ് വിവരം. ദില്ലിയിലും തെലങ്കാനയിലും നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ കർശനമായി പരിശോധിക്കുന്നുണ്ട്. കൊറോണ ബാധയുടെ കാര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ദക്ഷിണകൊറിയ, ഇറ്റലി, ഇറാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ദില്ലിക്ക് പുറമെ തെലങ്കാനയിലാണ് കൊവിഡ്19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടിടത്തും ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. ദില്ലിയിൽ കൊവിഡ്19 ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇദ്ദേഹം ദുബായിൽ നിന്ന് ബെംഗളൂരു വഴിയാണ് വന്നത്. 80 പേർ ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ഇവരെ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കൊവിഡ്19 ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരടക്കം നിരവധിപ്പേർ കേരളത്തിലെ വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. ഇവരാരും രോഗബാധിതരല്ല. വെള്ളിയാഴ്ചയാണ് കൊവിഡ് 19 ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടത്. എങ്കിലും ഇപ്പോൾ കേരളത്തെ കൊവിഡ് 19 വിമുക്തമായി പ്രഖ്യാപിക്കാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ചൈനയ്ക്ക് പുറത്ത് വിദേശരാജ്യങ്ങളിലേക്ക് കൊവിഡ് രോഗബാധ പടരുകയാണ്. അമേരിക്കയിൽ വാഷിങ്ടണിൽ മാത്രം ആറ് പേർ മരിച്ചു. 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനവും ഈ വിഷയത്തിൽ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ട്.

click me!