തൊഴിലില്ലായ്മ രൂക്ഷം; കാര്‍ പാര്‍ക്കിംഗിലും തൂപ്പുജോലിയിലും വരെ ബിരുദധാരികള്‍

By Web TeamFirst Published Mar 3, 2020, 11:38 AM IST
Highlights

കുറഞ്ഞ വിദ്യാഭ്യാസമുള്ളയാള്‍ ചെയ്യേണ്ട ജോലിയാണെന്ന ചിന്തയൊന്നും തന്നെയലട്ടുന്നില്ലെന്നാണ് ആദിത്യ പറയുന്നത്...

ചെന്നൈ: 21 കാരനായ എസ് ആദിത്യ എഞ്ചിനിയറിംഗ് ബിരുദധാരിയാണ്, എന്നാല്‍ ഇന്ന് ചെന്നൈയില്‍ കാര്‍ പാര്‍ക്കിംഗ് അറ്റന്‍റന്‍റ് ആയി ജോലി ചെയ്യുകയാണ് ആദിത്യ. 18000 രൂപയാണ് ശമ്പളം.  പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരാള്‍ക്ക് ചെയ്യാവുന്ന ജോലിയാണ് ആദിത്യ ഇന്ന് ചെയ്യുന്നത്. ഈ ജോലി ഒരു സ്വകാര്യ കമ്പനി വഴി ഔട്ട്സോഴ്സ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 50 ഓളം എഞ്ചിനിയറിംഗ് എംബിഎ ബിരുദധാരികളാണ് ഈ ജോലിക്കായി എത്തിയത്. 

കുറഞ്ഞ വിദ്യാഭ്യാസമുള്ളയാള്‍ ചെയ്യേണ്ട ജോലിയാണെന്ന ചിന്തയൊന്നും തന്നെയലട്ടുന്നില്ലെന്നാണ് ആദിത്യ പറയുന്നത്. ഒരു പത്താംക്ലാസ് വിദ്യാഭ്യാസമുള്ളയാള്‍ പുതിയ കാര്‍ പാര്‍ക്കിംഗ് ടെക്നോളജി പരിചയപ്പെടുത്താന്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ എടുത്തേക്കും. എന്നാല്‍ തനിക്ക് ഇതിന് രണ്ട് മുതല്‍ അ‌ഞ്ച് മിനുട്ട് മാത്രം മതിയെന്നാണ് ആദിത്യ പറയുന്നത്. 

21 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുളള എംബിഎ ബിരുദധാരിയായ രാജേഷാണ് ടീം ലീഡര്‍. താന്‍ ജോലി ചെയ്ത സ്ഥാപനം പൂട്ടിതയതോടെ 55 ശതമാനത്തോളം കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ ഇയാള്‍ നിര്‍ബന്ധിതനാകുകയായിരുന്നു. കുടുംബത്തിലെ ഏക വരുമാന ശ്രോതസ്സ് അദ്ദേഹമാണ്. ''എംബിഎ, ബിഇ കോഴ്സുകള്‍ കഴിഞ്ഞിറങ്ങിയാല്‍ ജോലി ലഭിക്കുന്നില്ല, 10000 രൂപയിലും കുറഞ്ഞ ജോലി ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയാണ്. '' - രാജേഷ് പറഞ്ഞു. 

50 പേര്‍ക്കാണ് കമ്പനി ജോലി നല്‍കുന്നത്. എന്നാല്‍ 1500 ന് മുകളില്‍ ആളുകള്‍ ഇത്തരം ജോലികള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. തമിഴ്നാട് നിയമസഭയിലെ തൂപ്പുജോലിക്ക്  എഞ്ചിനിയര്‍മാരും എംബിഎ, ഗവേഷക വിദ്യാര്‍ത്ഥികളുമടക്കം 4600 പേരാണ് അപേക്ഷിച്ചത്. 14 പേര്‍ക്ക് മാത്രമാണ് ഒഴിവുണ്ടായിരുന്നത്. ''സംസ്ഥാനത്ത് ധാരാളം ജോലികളുണ്ട്, എന്നാല്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണം. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും 60 ലക്ഷം പേര്‍ക്ക് വീതം എങ്ങനെയാണ് സര്‍ക്കാര്‍ ജോലി നല്‍കുക ?'' - ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. 
 

click me!