കൊവിഡ് രോഗികളെ പരിചരിക്കുന്ന നേഴ്സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

By Web TeamFirst Published Mar 29, 2020, 8:24 AM IST
Highlights

വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുണെ നായിഡു ആശുപത്രിയിലെ നഴ്സ് ഛായാ ജഗ്താപിന് ഫോണ്‍ കോള്‍ വന്നത്. അങ്ങേതലയ്‍ക്കല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് ഉദ്യോഗസ്ഥ അറിയിച്ചു

ദില്ലി: കോവിഡ് വൈറസ് ബാധിത രോഗികളെ പരിചരിക്കുന്ന നഴ്സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുണെ നായിഡു ആശുപത്രിയിലെ നഴ്സായ ഛായ ജഗ്താപുമായി പ്രധാനമന്ത്രി ഫോണ്‍ സംഭാഷണം നടത്തിയത്. ഈ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുണെ നായിഡു ആശുപത്രിയിലെ നഴ്സ് ഛായാ ജഗ്താപിന് ഫോണ്‍ കോള്‍ വന്നത്. അങ്ങേതലയ്‍ക്കല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ ശബ്ദമെത്തി. മറാഠിയിലാണ് പ്രധാനമന്ത്രി സംഭാഷണം ആരംഭിച്ചത്.

കോവിഡ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം കുടുംബത്തെ ആശ്വസിപ്പിക്കാൻ സാധിക്കുന്നുണ്ടോയെന്നു പ്രധാനമന്ത്രിയുടെ ചോദ്യം. കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും തന്‍റെ കടമയാണ് ചെയ്യുന്നതെന്നു ഛായ മറുപടി നൽകി. രോഗികള്‍ പരിഭ്രാന്തരാകുന്നുണ്ടോയെന്ന് അടുത്ത ചോദ്യം. എപ്പോഴും അവരോടു സംസാരിക്കുകയും ആശ്വാസവാക്കുകൾ പറയാറുണ്ടെന്നും ഛായ പറഞ്ഞു.

കോവിഡ് ബാധിച്ച ഏഴ് പേരെ ചികിത്സിച്ച് സുഖപ്പെടുത്തുകയും ഒന്‍പത് പേര്‍ ചികില്‍സയിലിരിക്കുകയും ചെയ്യുന്ന പുണെ നായിഡു ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും ആശംസകള്‍ അറിയിച്ചാണ് മോദി സംഭാഷണം അവസാനിപ്പിച്ചത്.
 

click me!