
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ആകെ രോഗ ബാധിതർ 25, 26, 192 ആയി. 24 മണിക്കൂറിനുള്ളിൽ 65,002 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 24 മണിക്കൂറിനിടെ 996 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 49,036 ആയി. ലോകത്ത് പ്രതിദിന കൊവിഡ് ബാധിതര്‍ ഏറ്റവും കൂടുതൽ ഇപ്പോള്‍ ഇന്ത്യയിലാണ്.
പ്രതിദിന രോഗ ബാധയില്‍ ബ്രസീലിനെയും അമേരിക്കയെയും ഇന്ത്യ മറികടന്നിരുന്നു. എട്ടു ദിവസം കൊണ്ടാണ് ഇന്ത്യയില്‍ അഞ്ചു ലക്ഷം രോഗികളുണ്ടായത്. മഹാരാഷ്ട്രയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 12,608 പേര്‍ക്കാണ്. കർണാടകയിൽ ഇന്നലെ 7,908 പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 5890 പേരാണ് ഇന്നലെ മാത്രം രോഗ ബാധിതർ.
ഉത്തർ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. പ്രതിദിന സാമ്പിൾ പരിശോധന എട്ടു ലക്ഷത്തിനു മുകളിൽ ആണ് എന്നാണു ഐസിഎംആര്‍ വ്യക്തമാക്കുന്നത്. അതേ സമയം എഴുപതു ശതമാനത്തിനു മുകളിൽ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്.
എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കുമായി ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ കാർഡ് നൽകും. കൊവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഓരോ പൗരനുംകൊവിഡ‍് വാക്സിൻ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam