രാവിലെ 7:30 മുതൽ വൈകുന്നേരം 4:30 വരെ നടക്കുന്ന പോളിങ്ങിൽ 12.7 കോടി വോട്ടർമാർ വിധിയെഴുതും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം.

ധാക്ക: ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ബംഗ്ലദേശ് വിധിയെഴുതുന്നു. വൈകുന്നേരം നാലര വരെ നടക്കുന്ന പോളിങ്ങിൽ 12 കോടി വോട്ടർമാർ പങ്കാളികളാകും. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും തമ്മിൽ ആണ് പ്രധാന മത്സരം. ഉച്ചവരെ തെരഞ്ഞെടുപ്പ് സമാധാനപരമാണ്. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന 2024-ൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ്. 299 പാർലമെന്റ് മണ്ഡലങ്ങളിലേക്കു നടക്കുന്ന വോട്ടെടുപ്പിൽ ആരാകും അധികാരത്തിലെത്തുക എന്ന് രാത്രിയോടെ അറിയാം. 

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ജമാഅത്തെ ഇസ്ലാമി-നാഷണൽ സിറ്റിസൺ പാർട്ടി സഖ്യവും നേർക്കുനേർ ഏറ്റുമുട്ടുന്നു . അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആകും അധികാരത്തിൽ എത്തുകയെന്ന് പലരും കരുതുന്നു. ബിഎൻപിയെ ഈ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ ആണ്. 17 വർഷത്തോളം ലണ്ടനിൽ ആയിരുന്ന താരിഖ് റഹ്മാൻ ഡിസംബറിൽ ബംഗ്ലാദേശിൽ തിരിച്ചെത്തിയത് തന്നെ പ്രധാനമന്ത്രിപദം ലക്ഷ്യമിട്ടാണ്.

ജമാഅത്തെ ഇസ്‌ലാമി – നാഷണൽ സിറ്റിസൺ പാർട്ടി സഖ്യമാണ് ബിഎൻപിയുടെ എതിരാളികൾ. 11 കക്ഷികളുടെ വിപുലമായ സഖ്യമാണ് ഇത് എന്നതിനാൽ മത്സരം കനത്തതാണ്. ജമാഅത്തെ ഇസ്ലാമി അമീർ ഡോ. ഷഫീഖുർ റഹ്മാൻ ആണ് സഖ്യത്തിന്റെ നേതാവ്. 2024-ലെ വിദ്യാർത്ഥി പ്രക്ഷോഭം നയിച്ച യുവനേതാക്കൾ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടി ജമാ അത്തുമായി സഖ്യത്തിലാണ്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പത്തു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു ലക്ഷം സൈനികരെയുമാണ് രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പുതിയ സർക്കാർ ഇന്ത്യയുമായുള്ള ബന്ധത്തിൽ എന്ത് നയം സ്വീകരിക്കും എന്നത് പ്രധാനമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming