'കൊവിഷീൽഡിന്' ഉടൻ അനുമതി നല്കിയേക്കും, തൃപ്തികരം എന്ന് വിലയിരുത്തൽ, നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റണ്‍ ഇന്ന്

By Web TeamFirst Published Dec 28, 2020, 6:56 AM IST
Highlights

സിറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ കൊവിഷീൽഡിനാണ് അംഗീകാരം നല്കുക. സമർപ്പിച്ച വിവരങ്ങൾ തൃപ്തികരം എന്നാണ് വിലയിരുത്തൽ. 

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധമരുന്നിന് ഉടൻ അനുമതി നല്കിയേക്കും. ഓക്സ്ഫഡ് വാക്സിൻ ആയ കൊവിഷീൽഡിനാണ് ഒരാഴ്ചയ്ക്കുള്ളിൽ അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. പൂനൈ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്സിൻ ഉൽപ്പാദിപ്പിക്കുന്നത്. വാക്സിനുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവരങ്ങൾ തൃപ്തികരമാണെന്നാണ് വിദഗ്തസമിതിയുടെ വിലയിരുത്തൽ. പുതുവർഷത്തിനു മുമ്പ് അനുമതിക്ക് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം രാജ്യത്ത് കൊവിഡ് വാക്സിന് അടിയന്തര അനുമതി നൽകാനിരിക്കെ നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് കുത്തിവെപ്പിന്‍റെ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനത്തെ രണ്ട് ജില്ലകളിലും അഞ്ച് വ്യത്യസ്ഥ കുത്തിവെപ്പ് കേന്ദ്രങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്.

വാക്സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തിൽ പരിശോധനക്ക് വിധേയമാകും. കുത്തിവെപ്പിനെ തുടർന്ന് ഏന്തെങ്കിലും പ്രത്യാഘാതം ഉണ്ടായാല്‍ എങ്ങനെ കൈകാര്യം ചെയ്യും, കുത്തിവെപ്പ് കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം തുടങ്ങിയവ ഡ്രൈ റണ്ണിൽ നിരീക്ഷിക്കപ്പെടും. നാളെയും ഡ്രൈ റൺ തുടരും. 

ലോക രാജ്യങ്ങളിൽ വാക്സിൻ വിതരണം

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. 27 അംഗ രാജ്യങ്ങളിലും ഫൈസർ വാക്സിൻ വിതരണം ഇന്നലെ തുടങ്ങി. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം വാക്സിൻ നൽകിയത്. സ്പെയിനിൽ നഴ്സിംഗ് ഹോം  അന്തേവാസിയായ 96 കാരിയാണ് ആദ്യം വാക്സിനെടുത്തത്. ജർമ്മനിയിൽ 101 കാരിയും വാക്സിൻ സ്വീകരിച്ചു. മോഡേണ, ജോൺസൺ ആന്റ് ജോൺസൺ തുടങ്ങിയ മറ്റ് വാസ്കിനുകളും യൂറോപ്യൻ യൂണിയന്റെ അനുമതിക്കായി സമീപിച്ചിട്ടുണ്ട്.

അതേ സമയം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പൂചിൻ കൊവിഡ് വാക്സിൻ സ്വീകരിക്കും. തദ്ദേശീയ വാക്സിനായ സ്പുട്നിക് അഞ്ച്
സ്വീകരിക്കാൻ പൂചിൻ തീരുമാനിച്ചതായി ഔദ്യോഗിക വക്താവ് അറിയിച്ചു. ഡിസംബറിലാണ് ഇഷ്ടമുള്ളവർക്കെല്ലാംവാക്സിൻ നൽകാനുള്ള പദ്ധതി റഷ്യയിൽ തുടങ്ങിയത്.  എന്നാൽ കഴിഞ്ഞ ദിവസമാണ് 60 വയസ്സ് കഴിഞ്ഞവർക്ക് കുത്തിവയ്പ്പെടുക്കാൻ അനുമതിയായത്. ഇതിന് പിന്നാലെയാണ് 68കാരനായ പൂചിൻ വാക്സിൻ സ്വീകരിക്കാൻ തീരുമാനിച്ചത്

click me!