ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശു: വിവാദ പരാമര്‍ശവുമായി ഹൈക്കോടതി ജഡ്ജി

By Web TeamFirst Published Sep 3, 2021, 8:47 AM IST
Highlights

ഇന്ത്യയില്‍ യജ്ഞങ്ങള്‍ക്ക് പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യാണ് ഉപയോഗിക്കുന്നത്. സൂര്യകിരണങ്ങള്‍ക്ക് പ്രത്യേക ഊര്‍ജം നല്‍കുന്നതും മഴക്ക് കാരണമാകുന്നതും നെയ്യ് ഹോമിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
 

പ്രഗ്യാരാജ്: ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് അലഹാബാദ് ഹൈക്കോടതി ജഡ്ജി. പശുവിനെ കശാപ്പ് ചെയ്ത കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച വിധിയിലാണ് ജഡ്ജി ശേഖര്‍കുമാര്‍ യാദവിന്റെ പരാമര്‍ശം. ഇതേ കേസില്‍ പശുവിനെ ദേശീയമൃഗമാക്കണമെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു. 12 പേജുള്ള വിധിന്യായത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.  പശു ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന മൃഗമാണ് പശുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉത്തരവിനെ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ത്യയില്‍ യജ്ഞങ്ങള്‍ക്ക് പശുവിന്‍ പാലില്‍ നിന്നുള്ള നെയ്യാണ് ഉപയോഗിക്കുന്നത്. സൂര്യകിരണങ്ങള്‍ക്ക് പ്രത്യേക ഊര്‍ജം നല്‍കുന്നതും മഴക്ക് കാരണമാകുന്നതും നെയ്യ് ഹോമിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പശുവിന്റെ നെയ്യ്, മൂത്രം, ചാണകം, പാല്‍, തൈര് എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം ഭേദമാകാത്ത നിരവധി രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ജഡ്ജി അവകാശപ്പെട്ടു. ഒരു പശുവിന്റെ ജീവിതകാലത്തില്‍ 400 മനുഷ്യര്‍ക്കുള്ള പാല്‍ ഉല്‍പാദിപ്പിക്കുന്നു. എന്നാല്‍, 80 പേര്‍ക്കുള്ള ഇറച്ചി മാത്രമാണ് പശുവില്‍ നിന്ന് ലഭിക്കുകയെന്നും ദയാനന്ദ സരസ്വതിയെ ഉദ്ധരിച്ച് ജഡ്ജി വ്യക്തമാക്കി.

ഒരു പശുവിനെയോ കാളയെയോ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് തുല്യമാണെന്ന് യേശുക്രിസ്തു പറഞ്ഞതായും ജഡ്ജി അവകാശപ്പെട്ടു. പശുവിന്റെ നിലനില്‍പ്പ് ഇന്ത്യന്‍ സംസ്‌കാരത്തിന് അത്യാന്താപേക്ഷികമാണ്. അതേസമയം, ബീഫ് ഉപയോഗിക്കുക എന്നത് മൗലികാവകാശമല്ല. പശുവിനെ ദേശീയമൃഗമാക്കുന്നത് പാര്‍ലമെന്റ് പരിഗണിക്കണമെന്നും അദ്ദേഹം ഉത്തരവില്‍ വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!