
ദില്ലി: കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയ 22 കാരനായ ബിടെക് വിദ്യാർത്ഥി. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല.
വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനന വര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്. ഒരു വ്യക്തി ഏത് വാക്സീനാണ് സ്വീകരിച്ചതെന്നും മറ്റൊരാള്‍ക്ക് അറിയാം. വ്യക്തികളുടെ ഫോൺ നമ്പറോ ആധാര്‍ നമ്പറോ നല്‍കിയാല്‍ ഒറ്റയടിക്ക് മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. രാജ്യത്തെവിടെയിരുന്നും വിവരങ്ങള്‍ ചോര്‍ത്താം. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും, പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങള്‍ ഈ രീതിയില്‍ ലഭ്യമായതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam