
ഛണ്ഡീഗഡ്: ഛണ്ഡീഗഡിൽ നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിൽ ദേശീയ നേതൃത്വത്തിനു എതിരെ രൂക്ഷ വിമർശനവുമായി കേരള ഘടകം. ദേശീയ നേതൃത്വത്തിനു യുവാക്കളെ അടക്കം ആകർഷിക്കാൻ ഒരു പരിപാടിയും ഇല്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷം കാര്യമായി ഒരു പരിപാടിയും സംഘടിപ്പിച്ചില്ലെന്നും വിമർശനം. തിരുവനന്തപുരത്ത് നിന്നുള്ള ലതാ ദേവിയാണ് ഇക്കാര്യം ചർച്ചയിൽ പറഞ്ഞത്. താനും കുടുംബവും മതി പാർട്ടിയിൽ എന്നാണ് ചിലരുടെ നയം എന്നും പ്രതിനിധികൾ. പ്രായപരിധി കർശനമായി പാലിക്കണമെന്ന കേരളത്തിൻ്റെ നിലപാടിനോട് തമിഴ്നാട്, ആന്ധ്ര ഘടകങ്ങളും യോജിച്ചു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശിച്ചിരുന്നു.
അതേ സമയം, ജനറൽ സെക്രട്ടറി സ്ഥാനത്ത് ഡി രാജ മാറുന്നതിൽ തർക്കം നിലനിൽക്കെ പാർട്ടിയിൽ മുരടിപ്പെന്ന് സിപിഐ സംഘടനാ റിപ്പോർട്ട് പുറത്തു വന്നിരുന്നു. കാലാകാലം നേതാക്കൾ ഒരേ സ്ഥാനത്ത് ഇരിക്കുന്നത് പാർട്ടിയുടെ ഊർജം കെടുത്തുന്നു. എപ്പോഴും വലിയ പാർട്ടികളെ ആശ്രയിച്ച് നിൽക്കാതെ ഒറ്റയ്ക്ക് വളരണം എന്നും ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു. ഡി രാജക്ക് പ്രയപരിധിയിൽ ഇളവ് നൽകാൻ ആകില്ലെന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വൻ ബഹുജന റാലിയോടെ ആണ് ചണ്ഡീഗഡിൽ സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. കേന്ദ്ര സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് സമ്മേളനത്തിലെ പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ട് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. കാലാകാലം നേതാക്കൾ മാറാതിരിക്കുന്നത് പാർട്ടിയിൽ മുരടിപ്പിന് ഇടയാക്കുന്നു. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണം. അന്യ പ്രവണതകൾ പാർട്ടിയിൽ കൂടിവരുന്നു. ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നു. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പുറത്ത് പോയി പാർട്ടിയെ അപമാനിക്കുന്നു. ഇപ്പോഴും മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ദൗർബല്യമാണ്. സ്ത്രീകൾക്ക് അധികാരം നൽകാൻ ആവില്ലെന്ന് കരുതുന്നവരും പാർട്ടിയിൽ ഉണ്ടെന്ന് റിപ്പോർട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam