തമിഴ്നാട്ടിലെ സിപിഎമ്മിന്‍റെ പ്രമുഖനേതാവ് കെ വരദരാജൻ അന്തരിച്ചു

By Web TeamFirst Published May 16, 2020, 5:32 PM IST
Highlights

തമിഴ്നാട്ടിലെ സിപിഎമ്മിന്‍റെ മുതിർന്ന നേതാവായിരുന്ന കെ വരദരാജൻ കിസാൻസഭയുടെ തലപ്പത്തുണ്ടായിരുന്ന പ്രമുഖരിൽ ഒരാളായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗമാണ്.

ചെന്നൈ: സിപിഎമ്മിന്‍റെ മുതിർന്ന നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായ കെ വരദരാജൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ശ്വസന സംബന്ധമായ അസുഖത്തെത്തുടർന്ന് തമിഴ്നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ സ്വദേശമായ തിരുച്ചിറപ്പള്ളിയിൽ നടക്കും. 

തമിഴ്നാട്ടിലെ കർഷകമേഖലകളിലൊന്നായ തിരുച്ചിറപ്പള്ളി സ്വദേശിയായ വരദരാജൻ സംസ്ഥാനത്തെ കർഷകർക്കിടയിൽ പാർട്ടിയുടെ സ്വാധീനം വളർത്തിയതിൽ പ്രധാനപങ്കു വഹിച്ചിരുന്നു. കാവേരി ഡെൽട്ട മേഖലയിലെ കർഷകപ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടു. നിരവധി കർഷകസമരങ്ങൾക്ക് നേതൃത്വം വഹിച്ചു. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ അദ്ദേഹം സിപിഎമ്മിലെത്തുന്നത് 1968-ലാണ്. 1974-ൽ അദ്ദേഹം സിപിഎം തിരുച്ചിറപ്പള്ളി ജില്ലാ കിസാൻ സഭാ സെക്രട്ടറിയായും 1986-ൽ തമിഴ്നാട് കിസാൻ സഭാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. തമിഴ്നാട്ടിലെ കർഷകർക്കിടയിൽ വരദരാജനുള്ള സ്വാധീനം തിരിച്ചറിഞ്ഞ പാർട്ടി അദ്ദേഹത്തെ ഓൾ ഇന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി 1998-ൽ നിയമിച്ചു. ആ വർഷം തന്നെ സിപിഎം കേന്ദ്രകമ്മിറ്റിയിലും പിന്നീട് 2005-ൽ പൊളിറ്റ് ബ്യൂറോയിലുമെത്തി. 

അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായി സമരം നയിച്ച നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. 1975- മുതൽ 77 വരെ ഒളിവു ജീവിതം നയിച്ചു. വരദരാജന്‍റെ നിര്യാണത്തോടെ സംസ്ഥാനത്തെ കർഷകക്കൂട്ടായ്മയെ നയിച്ച പ്രമുഖ നേതാക്കളിൽ ഒരാളെയാണ് സിപിഎമ്മിന് നഷ്ടമാകുന്നത്. 

വാർത്തയിലെ ചിത്രത്തിന് കടപ്പാട്: By social media team of CPI(M) - From his organisations website (All India Kisan Sabha)

CC BY 4.0, Link

click me!