
ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം പാർട്ടി സമ്മേളനങ്ങൾ നടത്തുക ദുഷ്കരമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ വിലയിരുത്തി. ഈ വിഷയത്തിൽ തീരുമാനം കേന്ദ്ര കമ്മിറ്റിക്ക് വിടാനും ഇന്നലെയും ഇന്നുമായി ചേർന്ന പിബി യോഗം തീരുമാനിച്ചു.
അടുത്തമാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യും. പതിവിൽ നിന്ന് വ്യത്യസ്തമായി വെർച്വൽ രീതിയിൽ കേന്ദ്ര കമ്മിറ്റി യോഗം നടത്താനാണ് തീരുമാനം. കൊവിഡിനെതിരായ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് വിലയിരുത്തിയ കേന്ദ്രകമ്മിറ്റി, ജൂൺ 16 ന് ദേശവ്യാപക പ്രക്ഷോഭം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നൽകണം. സാങ്കേതിക വിദ്യയുടെ പേരിൽ വിദ്യാർത്ഥികളിൽ വിഭജനം പാടില്ല. സാങ്കേതിക വിദ്യയ്ക്ക് പുറത്ത് നിൽക്കുന്നവരെ ഉൾക്കൊള്ളാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിനു പകരമാകരുത് ഡിജിറ്റൽ വിദ്യാഭ്യാസമെന്നും പിബി അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാറിന്റെ കൊവിഡ് പ്രതിരോധ പാക്കേജ് അപര്യാപ്തമാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ആറ് മാസത്തേക്ക് 7500 രൂപ വീതം കേന്ദ്രസർക്കാർ ധനസഹായം നൽകണം. പത്ത് കിലോ ഭക്ഷ്യധാന്യം ഓരോ വ്യക്തിക്കും ആറ് മാസത്തേക്ക് നൽകണം. തൊഴിലില്ലായ്മ വേതനം നൽകണം, തൊഴിലുറപ്പ് പദ്ധതിയിലൂടെ 200 ദിവസം ജോലി ഉറപ്പാക്കണം. തൊഴിൽ നിയമങ്ങൾ റദ്ദാക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണം. സ്വകാര്യ വത്കരണം അവസാനിപ്പിക്കണം. പൊതുസ്വത്ത് കൊള്ളയടിക്കുന്നത് നിർത്തണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ.
നിസർഗ ചുഴലിക്കാറ്റിൽ ദുരിതത്തിലായ മുംബൈയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പിബി, കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം പ്രകീർത്തിച്ചെന്നും അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു. ജന നന്മയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ല. ന്യൂനപക്ഷ വേട്ടയാണ് ദുരിതകാലത്തും കേന്ദ്രം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam