
ദില്ലി: കോൺഗ്രസ്സിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഎം പിബിയിൽ വിലയിരുത്തൽ. ഇപ്പോഴും ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസാണെന്ന് വാദമുയർന്നു. വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിർവാദവുമുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി.
ബിജെപിക്ക് എതിരായ കർഷക - തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിബി തീരുമാനിച്ചു. വർഗ-ബഹുജന സംഘടനകൾ ജനക്ഷേമ വിഷയങ്ങളിൽ കൂടുതൽ ഇടപെടണം. ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികൾക്കൊപ്പം പ്രക്ഷോഭം നടത്തണം. തെരഞ്ഞെടുപ്പ് ധാരണയിൽ കോൺഗ്രസിനെ മാറ്റി നിര്‍ത്താനാവില്ലെന്നും യോഗം വിലയിരുത്തി.
അടുത്ത വർഷം കണ്ണൂരിൽ ചേരുന്ന പാർട്ടി കോൺഗ്രസിന്റെ കരടു രാഷ്ട്രീയ പ്രമേയത്തിന് രൂപം നൽകുന്ന സിപിഎം പോളിറ്റ് ബ്യുറോയോഗത്തിലാണ് ഈ നിർദ്ദേശം ചില അംഗങ്ങൾ ഉന്നയിച്ചത്. രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കാനുള്ള വിശദമായ ചർച്ചകൾ ഇന്ന് നടക്കും. ഈ മാസം 22ന് ചേരുന്ന മൂന്ന് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ കരടിന് അന്തിമ രൂപമാകും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ, ലഖിംപുർ ഖേരി സംഭവം, കർഷകപ്രക്ഷോഭം എന്നീ വിഷയങ്ങളും യോഗത്തിന്റ അജണ്ടയിലുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam