ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിൽ, മൂന്ന് സംസ്ഥാനങ്ങളിൽ പവർകട്ട്

By Web TeamFirst Published Oct 10, 2021, 10:52 AM IST
Highlights

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്.

ദില്ലി: ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമായി ( Coal Shortage). രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ (thermal power plants) പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക നീങ്ങിക്കൊണ്ടിരിക്കുകയാണ്. പഞ്ചാബിലും രാജസ്ഥാനിലു ഉത്തർപ്രദേശിലും പവർകട്ട് (Power Cut) പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കൽക്കരി വിതരണത്തില്‍. വൈകാതെ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. 

പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. 

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

പ്രതിസന്ധി ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഉയര്‍ന്ന വിലയായതിനാല്‍ കല്‍ക്കരി ഇറക്കുമതി പ്രായോഗികമല്ല. കോള്‍ ഇന്ത്യയിൽ നിന്നും സ്വന്തം ഉപയോഗത്തിന് മാത്രമായി ഖനനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പരമാവധി കൽക്കരി ശേഖരിക്കുവാനാണ് സര്‍ക്കാര്‍ നീക്കം. 

click me!