ലൈംഗിക, ഗാർഹിക പീഡനവും ഇനി അച്ചടക്കലംഘനം, പാർട്ടി ഭരണഘടന മാറ്റാൻ സിപിഎം

Published : Feb 13, 2022, 10:34 AM IST
ലൈംഗിക, ഗാർഹിക പീഡനവും ഇനി അച്ചടക്കലംഘനം, പാർട്ടി ഭരണഘടന മാറ്റാൻ സിപിഎം

Synopsis

മുൻ പാർട്ടി കോൺഗ്രസുകളിൽ ഉയർന്ന നിർദ്ദേശം കണക്കിലെടുത്താണ് സിപിഎമ്മിന്‍റെ ഈ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. സിപിഎമ്മിന്‍റെ വിവിധഘടകങ്ങളിൽ വനിതാ പ്രാതിനിധ്യം പടിപടിയായി ഉയർത്താൻ വേണ്ട നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്. 

ദില്ലി: ഗാർഹിക പീഡനവും ലൈംഗിക പീഡനവും അച്ചടക്ക ലംഘനമായി പ്രത്യേകം രേഖപ്പെടുത്താൻ സിപിഎം തീരുമാനം. പാർട്ടിയുടെ ഭരണഘടന ഇതിനായി പ്രത്യേകം ഭേദഗതി ചെയ്യാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

എന്തെല്ലാമാണ് പാർട്ടിയിൽ അച്ചടക്കലംഘനമായി കണക്കാക്കുക എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന പാർട്ടി ഭരണഘടനയുടെ ഭാഗത്ത് ഇത് കൂടി എഴുതിച്ചേർക്കാനാണ് സിപിഎം തീരുമാനം. മുൻ പാർട്ടി കോൺഗ്രസുകളിൽ ഉയർന്ന നിർദ്ദേശം കണക്കിലെടുത്താണ് സിപിഎമ്മിന്‍റെ ഈ തീരുമാനമെന്ന് നേതാക്കൾ അറിയിച്ചു. ഇനി ഒരു പാർട്ടി അംഗം ലൈംഗിക, ഗാർഹിക പീഡനം നടത്തിയാൽ, അത് ഗുരുതരമായ അച്ചടക്കലംഘനമായിത്തന്നെ കണക്കാക്കപ്പെടും. 

ഇത്തവണ സിപിഎം പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറ് മുതൽ പത്താം തീയതി വരെ കണ്ണൂരിലാണ് നടക്കുന്നത്. ഈ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട ഭരണഘടനാ ഭേദഗതികളെക്കുറിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു. രണ്ട് പ്രധാനനിർദേശങ്ങളാണ് കേന്ദ്രകമ്മിറ്റി അവതരിപ്പിക്കുക. പാർട്ടിയിൽ അച്ചടക്കലംഘനം നടന്നതായി കണക്കാക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന ഭാഗത്ത് എന്തെല്ലാം കാര്യങ്ങൾ പുതുതായി എഴുതിച്ചേർക്കണമെന്നതാണ് ഒരു നിർദേശം. 

സിപിഎം പാർട്ടി ഭരണഘടനയിൽ 19-ാം വകുപ്പിലാണ് അച്ചടക്കലംഘനത്തെക്കുറിച്ച് പറയുന്നത്. ആ വകുപ്പിൽ കൂടുതൽ ചട്ടങ്ങൾ എഴുതിച്ചേർക്കാനാണ് കേന്ദ്രകമ്മിറ്റി നിർദേശം. ഗാർഹികപീഡനം, ലൈംഗികപീഡനം എന്നിവ അച്ചടക്കലംഘനമായി പ്രത്യേകം എഴുതിച്ചേർക്കാനാണ് തീരുമാനം. നേരത്തേ തന്നെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനുള്ളിൽ കഴിയും. ഇതിൽ എന്തൊക്കെ ചെയ്താൽ നടപടിയെടുക്കാം എന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്ന തീരുമാനം വേണമെന്ന് കഴിഞ്ഞ പാർട്ടി കോൺഗ്രസുകളിൽ നിർദേശം ഉയർന്നിരുന്നതാണ്. 

ഈ പശ്ചാത്തലത്തിലാണ്, കൃത്യം മാർഗനിർദേശങ്ങൾ നൽകി അച്ചടക്കലംഘനം രേഖപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പാർട്ടിയുടെ തത്വങ്ങളോ ഭരണഘടനയോ ലംഘിക്കുന്നത് നേരത്തേ തന്നെ അച്ചടക്കലംഘനമായി കണക്കാക്കണമെന്നാണ് ഇതുവരെ ഭരണഘടനയിൽ നിഷ്കർഷിച്ചിരുന്നത്. 

എന്നാൽ പലപ്പോഴും ഇതിനെതിരെ പാർട്ടിയ്ക്ക് അകത്ത് പരാതികൾ ഉയരുമ്പോൾ തങ്ങൾ പാർട്ടി തത്വം ലംഘിച്ചിട്ടില്ല എന്നാണ് ആരോപണവിധേയർ മറുപടി നൽകിയിരുന്നത്. ഇത് അനാവശ്യപരാതിയാണെന്ന് കാണിച്ച് ആരോപണവിധേയർ കൺട്രോൾ കമ്മീഷനെ സമീപിക്കുന്ന സ്ഥിതിയാണ് ഉണ്ടാവാറ്. അത് ഒഴിവാക്കാനാണ് കൃത്യം ചട്ടം ഇക്കാര്യത്തിൽ വേണമെന്ന നിർദേശം ഉയർന്നത്. അത് പാർട്ടി അംഗീകരിച്ചിരിക്കുകയാണ്. 

രണ്ടാമത്തേത്, കേന്ദ്ര, സംസ്ഥാനകമ്മിറ്റികളിൽ പ്രായപരിധി നിശ്ചയിക്കുന്നത് പാർട്ടി ഭരണഘടനയിൽ എഴുതിച്ചേർക്കണമെന്നതാണ്. കേന്ദ്ര, സംസ്ഥാനകമ്മിറ്റികളിൽ എഴുപത്തിയഞ്ച് വയസ്സിന് താഴെയുള്ളവർ മതിയെന്ന പ്രായപരിധി നേരത്തേ തന്നെ സിസി നിശ്ചയിച്ചിരുന്നു. എന്നാലിതിൽ ചില ഇളവുകൾ നൽകാമെന്നും സിസി വ്യക്തമാക്കിയിരുന്നതാണ്. എന്നാലിത് പാർട്ടി ഭരണഘടനയിൽ വ്യക്തമായി എഴുതിച്ചേർക്കാതെ, കേന്ദ്രകമ്മിറ്റിക്ക് എങ്ങനെ തീരുമാനിക്കാനാകും എന്നതാണ് ആശങ്ക. അതിനാലാണ് കൃത്യമായ പ്രായപരിധി നിശ്ചയിക്കാൻ തീരുമാനിക്കുന്നത്. 

സിപിഎമ്മിന്‍റെ വിവിധഘടകങ്ങളിൽ വനിതാ പ്രാതിനിധ്യം പടിപടിയായി ഉയർത്താൻ വേണ്ട നടപടികളെടുക്കാനും തീരുമാനമായിട്ടുണ്ട്. അതിനായി പാർട്ടിയുടെ ഓരോ ഘടകങ്ങളിൽ എത്ര വേണം വനിതാപ്രാതിനിധ്യം എന്ന കാര്യം തീരുമാനിക്കാനും ധാരണയായി. നിലവിൽ 15 ശതമാനം വരെ ഓരോ ഘടകങ്ങളിലും സ്ത്രീകൾ വേണമെന്നാണ് പാർട്ടിയുടെ കീഴ്ഘടകങ്ങളിലേക്ക് നേതൃത്വം നൽകിയിട്ടുള്ള നിർദേശം. 

കേന്ദ്രകമ്മിറ്റിയിൽ ഇതെത്ര വേണം എന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പടിപടിയായി വനിതാപ്രാതിനിധ്യം ഉയർത്തിക്കൊണ്ടുവരാനാണ് തീരുമാനം. കീഴ്ഘടകങ്ങളിൽ നിന്ന് സ്ത്രീകൾ ഉയർന്ന് കേന്ദ്രകമ്മിറ്റി വരെ എത്തട്ടെയെന്നാണ് നേതാക്കൾ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം