ലഖ്നൗ: ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ആര് ഭരിക്കണമെന്ന് ജനങ്ങൾ നാളെ തീരുമാനിക്കും. ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനുള്ള (UP Election 2022) വോട്ടെടുപ്പും നാളെയാണ്. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ടത്തില്‍ 9 ജില്ലകളിലെ 55 സീറ്റുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി പത്തിന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ യുപിയിൽ അറുപത് ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ആദ്യഘട്ടം പിന്നിടുമ്പോള്‍ തന്നെ മത്സരം പൂര്‍ണമായും സമാജ്‍വാദി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ മാത്രമായി കഴിഞ്ഞെന്ന നിലയിലുള്ള വിലയിരുത്തലുകളുണ്ട്. കർഷകപ്രതിഷേധം നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ യുപിയിലെ മത്സരത്തിന് ശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോള്‍ എസ്പിക്കും ബിജെപിക്കും ചങ്കിടിപ്പ് ഏറുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറെയുള്ള രണ്ടാഘട്ടത്തിലും യാദവ ശക്തികേന്ദ്രമായ മൂന്നാം ഘട്ടത്തിലുമെല്ലാം പരമാവധി സീറ്റ് പിടിച്ചെടുക്കുകയാണ് അഖിലേഷ് യാദവിന്‍റെ ലക്ഷ്യം. 2017 ലെ ഭരണവിരുദ്ധ വികാരത്തിനിയിലും 15 സീറ്റ് നേടാന്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലകളില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു. ഇതാണ് എസ് പിയുടെ ആത്മവിശ്വാസമേറ്റുന്ന ഘടകം. ദളിത് ഒബിസി വിഭാഗങ്ങളിലെയും ന്യൂനപക്ഷവിഭാഗങ്ങളിലെ പിന്തുണ സമാജ്‍വാദി പാര്‍ട്ടിക്ക് ഉറപ്പിക്കാനായോയെന്ന് രണ്ടോ മൂന്നോ ഘട്ടങ്ങളില്‍ തന്നെ വ്യക്തമാകും.
'ബൈ ദി ഫാമിലി, ഫോർ ദി ഫാമിലി, ഓഫ് ദി ഫാമിലി'; പരിഹസിച്ച് മോദി, തിരിച്ചടിച്ച് പ്രിയങ്ക; പരസ്യപ്രചരണം അവസാനിച്ചു
പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമടക്കമുള്ളവർ നിറഞ്ഞുനിന്നു. യു പിയിലെ കനൗജിൽ നടത്തിയ തെരഞ്ഞെടുപ്പ് യോഗത്തിൽ കോൺഗ്രസിലെ കുടുംബാധിപത്യത്തിനെതിരെയാണ് മോദി ആക്രമണം നടത്തിയത്. 'ബൈ ദി ഫാമിലി, ഫോർ ദി ഫാമിലി, ഓഫ് ദി ഫാമിലി' എന്ന നിലയിലാണ് രാജ്യ ഭരണത്തെ ചിലർ ഉപയോഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു. 'ബൈ ദി പീപ്പിൾ, ഫോർ ദി പീപ്പിൾ, ഓഫ് ദി പീപ്പിൾ' എന്ന ജനാധിപത്യത്തിന്‍റെ അന്തസത്തയെ ഇന്ത്യയിൽ അട്ടിമറിച്ചു. അവരുടെ മന്ത്രം ജനാധിപത്യമെന്നാൽ 'ബൈ ദി ഫാമിലി, ഫോർ ദി ഫാമിലി, ഓഫ് ദി ഫാമിലി' എന്നാണെന്നും മോദി വിമർശിച്ചു. കൊവിഡ് കാലത്ത് ആര്‍ക്കും വിശന്നുറങ്ങേണ്ടി വന്നിട്ടില്ലെന്നാണ് ഉത്തരാഖണ്ഡില്‍ പ്രചാരണം നടത്തിയ പ്രധാനമന്ത്രി അവകാശപ്പെട്ടത്. കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ മോദി അന്തരിച്ച സംയുക്ത സൈന്യാധിപന്‍ ബിപിന്‍ റാവത്തിനെ കോണ്‍ഗ്രസ് അപമാനിച്ചിരുന്നുവെന്നും പറഞ്ഞു.
ഉത്തരാഖണ്ഡിലേടതടക്കം ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ലെന്ന് തിരിച്ചടിച്ചാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തിയത്. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മയില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഉത്തരാഖണ്ഡില്‍ പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞു.
'ജയിച്ചാൽ ഉത്തരാഖണ്ഡിൽ ഏകീകൃതസിവിൽകോഡ്', വിവാദമായി പുഷ്കർ സിംഗ് ധാമിയുടെ വാഗ്ദാനം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam