
ഹൈദരാബാദ്: തെലങ്കാനയിൽ ഭുവനഗിരി എന്ന ഒരേയൊരു സീറ്റിൽ സിപിഎം ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യം ചേരാൻ വിസമ്മതിച്ച സിപിഎം പക്ഷേ 17-ൽ 16 സീറ്റുകളിലും കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് അവസാനനിമിഷം ധാരണയിലെത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ വിശാലപ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, എന്നാൽ ചർച്ചയില്ലാതെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാലാണ് സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും ഭുവനഗിരിയിലെ സിപിഎം സ്ഥാനാർഥി മുഹമ്മദ് ജഹാംഗീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് സിപിഐ തയ്യാറായി. കോത്തഗുഡം സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ സിപിഐ സംസ്ഥാനസെക്രട്ടറി മത്സരിച്ച് ജയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയുടെ മദിര സീറ്റ് ചോദിച്ച സിപിഎമ്മിനോട് ആ സീറ്റിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. ഇതോടെ 19 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ചു പാർട്ടി. ഫലം, 19 സീറ്റിലും കെട്ടി വച്ച കാശ് നഷ്ടമായി. ഇത്തവണയും തെലങ്കാനയിൽ ഒരു സഖ്യത്തിന് സിപിഎം തയ്യാറായില്ല. നേരത്തേ ബിആർഎസ്സുമായി നല്ല ബന്ധത്തിലായിരുന്ന സിപിഎം നേതൃത്വം പിന്നീട് സീറ്റ് ചർച്ചകളിൽ പരിഗണിക്കാതിരുന്നതിനെത്തുടർന്നാണ് അവരുമായും തെറ്റിപ്പിരിഞ്ഞത്.
Read More... ഹർദീപ് സിങ് നിജ്ജർ കൊലപാതകം: ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ, അറസ്റ്റിലായവരുടെ എണ്ണം നാലായി
ഇത്തവണ അവസാനനിമിഷം രേവന്ത് റെഡ്ഡിയുമായി നടത്തിയ ചർച്ചകളിൽ 17-ൽ 16 സീറ്റുകളിലും കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന ധാരണയിലെത്തിയിട്ടുണ്ട് പാർട്ടി. ഇപ്പോഴും നൽഗൊണ്ട, നക്‍രേക്കൽ, അലൈർ, മിരിയാൽഗുഡ അടക്കമുള്ള മേഖലകളിൽ ഇടതിന് ശക്തിയുണ്ട്. അത് ഗുണമാകുമെന്ന് മുഹമ്മദ് ജഹാംഗീർ. പറയുന്നു. ഭുവനഗിരിയിൽ മുഹമ്മദ് ജഹാംഗീർ ജനകീയനാണ്. പക്ഷേ അത് വിജയമുറപ്പിക്കുന്നതാകില്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ തന്നെ തെളിയിക്കുന്നു.