കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന; 9 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

By Web TeamFirst Published Feb 4, 2023, 12:53 PM IST
Highlights

പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇന്ത്യ എന്ന രീതിയില്‍ രണ്ട് രാജ്യത്തെ സൃഷ്ടിക്കാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നതെന്ന് കർഷക സംഘടന നേതാക്കള്‍ ആരോപിച്ചു.

ദില്ലി: കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന. ഈ മാസം ഒമ്പതിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎമ്മിന്‍റെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ  നേതാക്കൾ അറിയിച്ചു. പണക്കാർക്ക് വേണ്ടിയാണ് കേന്ദ്ര ബജറ്റെന്ന് സംഘടനയുടെ വൈസ് പ്രസിഡൻ്റ് ഹനൻ മൊല്ല പറഞ്ഞു. 

പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇന്ത്യ എന്ന രീതിയില്‍ രണ്ട് രാജ്യത്തെ സൃഷ്ടിക്കാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നതെന്ന് കർഷക സംഘടന നേതാക്കള്‍ ആരോപിച്ചു. കര്‍ഷകര്‍ക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളുമില്ലെന്നും തൊഴിലുറപ്പ് പദ്ധതി ഗണ്യമായി വെട്ടി ചുരുക്കിയെന്നും കാര്‍ഷിക ഉപകരണങ്ങളുടെ സബ്സിഡിയുടെ കാര്യത്തിലും വലിയ തോതില്‍ കുറവുണ്ടായെന്നും കർഷക സംഘടന നേതാക്കള്‍ വിമര്‍ശിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 

അതേസമയം, കേരളത്തിൽ പെട്രോൾ വില വർധിപ്പിച്ച നടപടി ശരിയാണെന്ന് ആൾ ഇന്ത്യ കിസാൻ സഭ പ്രതികരിച്ചു. കേന്ദ്രം വർദ്ധിപ്പിച്ചാൽ തെറ്റാണ്. കേരള സർക്കാർ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്, കേന്ദ്രം അത് ചെയ്യുന്നില്ലെന്ന് കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണ പ്രസാദ് പറഞ്ഞു. രണ്ട് ബജറ്റുകളും രണ്ട് ദിശയിലാണ് ഉള്ളത്. ആഗോള സാമ്പത്തിക മാന്ദ്യം ശക്തമാകുമ്പോൾ പണം കണ്ടെത്താതെ കയ്യടി നേടാൻ അല്ല ശ്രമിക്കേണ്ടതെന്നും ആൾ ഇന്ത്യ കിസാൻ സഭ നേതാക്കള്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രമന്ത്രിമാർ. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചും വിശദീകരിക്കും. ടൂറിസം മന്ത്രി കിഷൻ റെഡ്ഡിയാണ് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ കർണാടകയിലും, രാജീവ് ചന്ദ്രശേഖർ തമിഴ്നാട്ടിലും പ്രചാരണത്തിനെത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.

Also Read: ബജറ്റ് പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ കേന്ദ്രമന്ത്രിമാർ; ഇന്നും നാളെയും വിവിധ സംസ്ഥാനങ്ങളിലെത്തും

click me!