
ദില്ലി: അടുത്ത സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടത്താനുള്ള ശുപാർശയിൽ സിപിഎം കേന്ദ്രകമ്മിറ്റി ഞായറാഴ്ച തീരുമാനമെടുക്കും. തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മാറ്റി നിറുത്തുകയും മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുകയും ചെയ്ത കേരള ഘടകത്തിൻറെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയിൽ വച്ച റിപ്പോർട്ട് പിന്തുണച്ചു. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ബന്ധം ഫലം കണ്ടില്ലെന്ന വിലയിരുത്തലുമുണ്ട്.
തെരഞ്ഞെടുപ്പ് അവലോകനം, ദേശീയ അന്തർദ്ദേശീയ രാഷ്ട്രീയ സ്ഥിതി, പാർട്ടി കോൺഗ്രസ് എന്നിവയാണ് ഞായറാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റിയിൽ പ്രധാനമായും ചർച്ച ചെയ്യുന്നത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎം ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസ് അടുത്ത വർഷം നടത്തും. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് സമ്മേളനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്ന സാഹചര്യത്തെക്കുറിച്ചാണ് യോഗം ചർച്ച ചെയ്യുക. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടത്താം എന്നാണ് കേരള ഘടകത്തിൻറെ നിർദ്ദേശം. തമിഴ്നാട്ടിൽ നടത്തണം എന്ന നിർദ്ദേശവുമുണ്ട്. കണ്ണൂരിൽ നടത്താൻ തീരുമാനിച്ചാൽ പത്തു വർഷത്തെ ഇടവേളയിലാകും പാർട്ടി കോൺഗ്രസിന് കേരളം വേദിയാകുക.
കേരളം പശ്ചിമ ബംഗാൾ ആസം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അവലോകനമാണ് സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലെ പ്രധാന അജണ്ട. നിയമഭ തെരഞ്ഞെടുപ്പിൽ രണ്ട് തവണ തുടർച്ചയായി വിജയിച്ചവർക്ക് സീറ്റു നല്കാത്തത് പാർട്ടിയിൽ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. മന്ത്രിസഭ രൂപീകരണത്തിൽ കെകെ ഷൈലജയെ മാറ്റി നിറുത്തിയതിൽ ചില കേന്ദ്ര നേതാക്കൾക്കും എതിർപ്പുണ്ടായിരുന്നു. എന്നാൽ ഈ രണ്ടു തീരുമാനങ്ങളെയും അംഗീകരിക്കുന്ന റിപ്പോർട്ടാണ് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യുന്നത്. പശ്ചിമബംഗാളിലെ തോൽവി ഗൗരവത്തോടെ കാണണം എന്ന നിർദ്ദേശമാണ് റിപ്പോർട്ടിലുള്ളത്. കോൺഗ്രസ് സഖ്യത്തിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്കിയതാണ്. എന്നാൽ ഈ സഖ്യം ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് തിരുത്തൽ നടപടികൾ വേണം. സ്വാതന്ത്യത്തിനു ശേഷം ബംഗാൾ നിയമസഭയിൽ പാർട്ടിയുടെ ഒരു എംഎൽഎ ഇല്ലാത്ത സാഹചര്യം ഉണ്ടായത് അഖിലേന്ത്യ തലത്തിൽ പാർട്ടിക്ക് ക്ഷീണമെന്നും വിലയിരുത്തുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam