
മധുര: മധുരയിൽ പുരോഗമിക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ അംഗത്വ ഫീസ് ഉയർത്താൻ തീരുമാനം. 5 രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.
അതേസമയം പാർട്ടി അംഗത്വത്തിൽ നിലവാരം കുറയുന്നുവെന്നും പാർട്ടി കോൺഗ്രസ് വിലയിരുത്തി. അംഗത്വം കൂടുമ്പോഴും നിലവാരം കുറയുന്നുവെന്നാണ് വിമർശനം. കേരളത്തിൽ അടക്കം പ്രശ്നങ്ങൾ ഉണ്ടെന്നും കേരളത്തിൽ പാർട്ടി അംഗത്വം കൂടുമ്പോൾ മറു ഭാഗത്ത് കൊഴിഞ്ഞുപോക്കും കൂടുന്നതായും വിലയിരുത്തലുകളുണ്ട്.
അതേസമയം പാർട്ടി കോൺഗ്രസിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിൽ ധാരണയായെന്നുള്ളതാണ്. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽ നിന്ന് മുഹമ്മദ് റിയാസിനെ പുതുതായി ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള വാർത്തയെങ്കിൽ ഇപ്പോൾ ഇക്കാര്യത്തിൽ മാറ്റമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. റിയാസിനെ ഉൾപ്പെടുത്താനുള്ള സാധ്യത കുറയുന്നതായാണ് വിവരം. എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ സി സിയിൽ ഇടം നേടുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പുത്തലത്ത് ദിനേശന്‍റെ പേരും ഏറക്കുറേ ഉറപ്പായെന്നാണ് സൂചന. യുവ നേതാക്കളായ എം സ്വരാജ്, പി കെ ബിജു, എം ബി രാജേഷ്, പി കെ സൈനബ, ടി എൻ സീമ എന്നിവരുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കണ്ടറിയണം. പി കെ ശ്രീമതിയെ പ്രായപരിധി ഇളവ് നൽകി കേന്ദ്ര സമിതിയിൽ നിലനിർത്താനുള്ള സാധ്യതകളാണ് പുറത്തുവരുന്നത്. അതല്ലാത്ത പക്ഷം ടി എൻ സീമക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പടിയിറങ്ങുന്ന പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടും സിസിയിൽ പ്രത്യേക ക്ഷണിതാക്കളാകുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തതായി വിവരം. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം