സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക്...?; ആവശ്യവുമായി ബംഗാള്‍ സിപിഎം

By Web TeamFirst Published Jan 20, 2020, 7:19 PM IST
Highlights

അസാധാരണ സംഭവാണ് രാജ്യത്ത് നടക്കുന്നത്. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മോദി സര്‍ക്കാറിന്‍റെ നയങ്ങളെ എതിര്‍ക്കാര്‍ ശക്തമായ പ്രതിപക്ഷം വേണം. യെച്ചൂരിയെക്കാള്‍ നന്നായി അത് ചെയ്യുന്ന ആള്‍ നിലവിലില്ല. 

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി രാജ്യസഭ എംപിയാകുമെന്ന് സൂചന. രാജ്യത്തെ അസാധാരണമായ സ്ഥിതി വിശേഷം പരിഗണിച്ചാണ് യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ ബംഗാള്‍ സിപിഎം ആലോചിക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍ നിന്ന് യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് വാര്‍ത്താഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അസാധാരണ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യെച്ചൂരി രാജ്യസഭയിലുണ്ടാകണമെന്നുമാണ് സിപിഎം ബംഗാള്‍ ഘടകത്തിന്‍റെ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് സിപിഎം ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണക്കുമെന്നാണ്സൂചന.

അസാധാരണ സംഭവാണ് രാജ്യത്ത് നടക്കുന്നത്. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മോദി സര്‍ക്കാറിന്‍റെ നയങ്ങളെ എതിര്‍ക്കാര്‍ ശക്തമായ പ്രതിപക്ഷം വേണം. യെച്ചൂരിയെക്കാള്‍ നന്നായി അത് ചെയ്യുന്ന ആള്‍ നിലവിലില്ല. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്ത് സംഭവിക്കുമെന്ന് കണ്ടറിയാം-മുതിര്‍ന്ന സിപിഎം നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

Latest Videos

യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്‍റെ പിന്തുണ വേണം. യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും നേതാവ് പറഞ്ഞു. 2017ലും യെച്ചൂരിയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് തയ്യാറായെന്നും അന്ന് സിപിഎം പിന്തുണച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവും വ്യക്തമാക്കി. യെച്ചൂരിക്ക് താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പിന്തുണച്ചേക്കും. യെച്ചൂരി രാജ്യസഭയില്‍ തുടരണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

2019ലെ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ നിന്ന് സിപിഎമ്മിന് രാജ്യസഭയിലോ ലോക്സഭയിലോ അംഗങ്ങളില്ല. 1964ന് ശേഷം ആദ്യമായാണ് ബംഗാളില്‍ നിന്ന് സിപിഎമ്മിന് അംഗങ്ങളില്ലാതാകുന്നത്. അതേസമയം, സിപിഎം ഔദ്യോഗിക നിലപാട് എന്തെന്ന് വ്യക്തമായിട്ടില്ല. ജനറല്‍ സെക്രട്ടറിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തിക്കുന്നത് തിരിച്ചടിയാകുമോ എന്ന് സിപിഎം പരിശോധിക്കും.

കേരള ഘടകത്തിന്‍റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ പട്ടികക്കെതിരെയും യോജിച്ച പ്രക്ഷോഭത്തിന് പ്രതിപക്ഷത്തെ ക്ഷണിക്കുന്ന പിണറായി വിജയനടക്കമുള്ള സംസ്ഥാന നേതാക്കള്‍, യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലെത്തിക്കണമെന്ന ബംഗാള്‍ ഘടകത്തിന്‍റെ ആവശ്യത്തെ എങ്ങനെ സമീപിക്കുമെന്നതും നിര്‍ണായകമാകും.  

2005 മുതല്‍ 2017 വരെ സീതാറാം യെച്ചൂരി രാജ്യസഭാ അംഗമായിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ എംപിയായതിനെ തുടര്‍ന്നാണ് യെച്ചൂരി മാറി നിന്നത്. ബംഗാളിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ്. നാല് സീറ്റ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ഉറപ്പിച്ചിട്ടുണ്ട്.

click me!