ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ

Published : Jan 08, 2026, 08:57 PM IST
Aadhar card

Synopsis

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം യുഐഡിഎഐ പുറത്തിറക്കി. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ചിഹ്നം രൂപകൽപ്പന ചെയ്തത്. ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ലളിതമാക്കാൻ 'ഉദയ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിഹ്നം സഹായിക്കും.

തിരുവനന്തപുരം: ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതൽ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.

ഒരു തുറന്ന ദേശീയ മത്സരത്തിലൂടെ ഈ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്യുന്നതിനും പേരിടുന്നതിനും പൗരന്മാരെ ക്ഷണിച്ചതിലൂടെ, ആധാറിൻ്റെ ഒരു പ്രധാന തത്വം യുഐഡിഎഐ വീണ്ടും ഊട്ടിയുറപ്പിച്ചുവെന്ന് സിഇഒ ഭുവ്‌നേഷ് കുമാർ പറഞ്ഞു. പങ്കാളിത്തം വിശ്വാസവും സ്വീകാര്യതയും വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു. ആധാർ ഒരു പൊതു സേവനമെന്ന നിലയിൽ ജനങ്ങളുമായി എത്രത്തോളം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ മത്സരത്തിന് ലഭിച്ച വൻ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഔദ്യോഗിക ചിഹ്നം ഒരു സഹായിയായും ആഖ്യാതാവായും അതിൻ്റെ യാത്ര ആരംഭിക്കുന്നതോടെ, ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇത് പൗരന്മാരെ സഹായിക്കുമെന്ന് യു.ഐ.ഡി.എ.ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിവേക് സി. വർമ്മ പറഞ്ഞു

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം

ആധാർ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനായി യുണീക്ക് ഐഡൻ്റി ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇന്ന് ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടുതൽ ആപേക്ഷികവും ജനസൗഹൃദപരവുമാക്കുന്നതിന് ഉദയ് എന്ന പേര് നൽകിയിരിക്കുന്ന ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം സഹായകമാകും. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തിരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിൻ്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം ഇത് ലളിതമാക്കും.

ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനായി, മൈ ഗവ. പ്ലാറ്റ്‌ഫോമിലൂടെ ദേശീയതലത്തിൽ ഡിസൈൻ, പേര് കണ്ടെത്തൽ മത്സരങ്ങൾ സംഘടിപ്പിച്ചുകൊണ്ട് തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു രീതിയാണ് യുഐഡിഎഐ സ്വീകരിച്ചത്. രാജ്യമെമ്പാടും നിന്ന് ആവേശകരമായ പ്രതികരണമാണ് ഇതിന് ലഭിച്ചത്. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഡിസൈനർമാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരിൽ നിന്നായി 875 എൻട്രികൾ യുഐഡിഎഐക്ക് ലഭിച്ചു. ഓരോ എൻട്രിയും ആധാർ തങ്ങൾക്ക് എന്താണെന്നതിന്റെ സവിശേഷമായ വ്യാഖ്യാനങ്ങളായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിഷ്പക്ഷതയും സൂക്ഷ്മതയും ഉറപ്പാക്കുന്നതിനായി വിവിധ തലങ്ങളിലുള്ള മൂല്യനിർണ്ണയ രീതിയാണ് സ്വീകരിച്ചത്. പൊതുജനങ്ങളുടെ ഭാവനയിൽ വിരിഞ്ഞതും സ്ഥാപനപരമായ കൃത്യതയിലൂടെ മിനുക്കിയെടുത്തതുമായ മനോഹരമായ ഒരു സൃഷ്ടിയാണ് ഈ പ്രക്രിയയിലൂടെ ഉദയം ചെയ്തത്.

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും, ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള കൃഷ്ണ ശർമ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്കുന്നതിനുള്ള മത്സരത്തിൽ ഭോപ്പാലിൽ നിന്നുള്ള റിയ ജെയിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പൂനെയിൽ നിന്നുള്ള ഇദ്രിസ് ദാവൈവാലയും ഹൈദരാബാദിൽ നിന്നുള്ള മഹാരാജ് ശരൺ ചെല്ലാപിള്ളയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

`പരാശക്തി'ക്ക് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി; നാളെ ചിത്രം റിലീസ് ചെയ്യും
`വധഭീഷണി വകവെക്കുന്നില്ല'; സുരക്ഷാസേനയില്ലാതെ തെരുവിലിറങ്ങി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്