
ബെംഗളൂരു: മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ ഇന്ത്യയിൽ വൻനിക്ഷേപം നടത്തുന്നു. കർണാടകയിലെ ചാമരാജനഗര ജില്ലയിലെ ബദനകുപ്പെയിൽ പാനീയങ്ങളും മിഠായികളും നിർമിക്കുന്ന യൂണിറ്റ് സ്ഥാപിക്കാനാണ് അദ്ദേഹം 1400 കോടി രൂപ നിക്ഷേപിക്കുന്നത്. കർണാടക വൻകിട, ഇടത്തരം വ്യവസായ മന്ത്രി എം ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഘട്ടങ്ങളിലായി മൊത്തം 1,400 കോടി രൂപയുടെ നിക്ഷേപം വരുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനും മന്ത്രി പാട്ടീലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രഖ്യാപനം.
മുത്തയ്യ ബിവറേജസ് ആൻഡ് കൺഫെക്ഷനറീസ് എന്നായിരിക്കും കമ്പനിയുടെ പേര്. തുടക്കത്തിൽ, 230 കോടി രൂപ മുതൽമുടക്കിലാണ് പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ പിന്നീട് നിക്ഷേപം 1,000 കോടി രൂപയായി വര്‍ധിപ്പിച്ചു. വരും വർഷങ്ങളിൽ 1,400 കോടി രൂപയായി വര്‍ധിപ്പിക്കുമെന്നും ഇരുവരും പറഞ്ഞു.
പദ്ധതിക്കായി 46 ഏക്കർ ഭൂമി ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്നും 2025 ജനുവരിയോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Read More.... 'അടിച്ചുകേറി' അദാനി; ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ കമ്പനിയുടെ മൂല്യം 3 ലക്ഷം കോടി
അനുവദിച്ച ഭൂമിയുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സമീപഭാവിയിൽ ധാർവാഡിൽ മറ്റൊരു യൂണിറ്റ് സ്ഥാപിക്കാൻ മുരളീധരൻ ഉദ്ദേശിക്കുന്നതായി പാട്ടീൽ വെളിപ്പെടുത്തി. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയതിൻ്റെ ലോക റെക്കോർഡ് സ്വന്തമാക്കിയ ക്രിക്കറ്റ് താരമാണ് മുത്തയ്യ മുരളീധരന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam