ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ സമയങ്ങളില്‍  ഒന്നിലധികം സ്ത്രീകളുമായി ഇടപെടുന്ന പൊലീസ് മേധാവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബെംഗളൂരൂ: കര്‍ണാടക പൊലീസ് സേനക്ക് നാണക്കേടായി സംസ്ഥാന പൊലീസ് മേധാവിയുടെ അശ്ലീല ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആസ്ഥാനത്തെ ഓഫീസ് മുറിയില്‍ യുവതിക്കള്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിലവില്‍ സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റിന്‍റെ ചുമതല വഹിക്കുന്ന ഡിജിപി ആര്‍. രാമചന്ദ്ര റാവുവാണ് ഒളിക്യാമറയില്‍ കുടുങ്ങിയത്. യൂണിഫോമില്‍ ഒന്നിലധികം യുവതികളെ ചുംബിക്കുന്നതും കെട്ടിപിടിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഓഫീസ് സമയത്ത് പലപ്പോഴായി രാമചന്ദ്ര റാവുവിന്‍റെ ക്യാബിനിലെത്തിയ യുവതികളും ഡിജിപിയും തമ്മിലുള്ളതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

ഓഫീസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിതെന്നാണ് പുറത്ത് വരുന്ന വിവരം. വിവിധ സമയങ്ങളില്‍ ഒന്നിലധികം സ്ത്രീകളുമായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവിധ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇതിനിടെ ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയ രാമചന്ദ്ര റാവുവിനെ കാണാൻ മന്ത്രി തയ്യാറായില്ല. വീഡിയോ വ്യാജമാണെന്നാണ് രാമചന്ദ്ര റാവുവിന്‍റെ വാദം. തന്‍റെ ചിത്രങ്ങളടക്കമുള്ള വീഡിയോ കണ്ട് ഞാൻ ഞെട്ടിപ്പോയിയെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി നല്‍കുമെന്നും രാമചന്ദ്ര റാവു പറഞ്ഞു. 

സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിദ്ധരാമയ്യ പറഞ്ഞു. രാമചന്ദ്ര റാവുവിന്‍റെ വളര്‍ത്ത് മകളും നടിയുമായ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനെ നിര്‍ബന്ധിത അവധിയിൽ അയച്ചിരുന്നു. അടുത്തിടെ സര്‍വീസില്‍ തിരിച്ചെത്തിയ റാവു വരുന്ന മേയില്‍ വിരമിക്കാനിരിക്കെയാണ് അശ്ലീല വീഡിയോ പുറത്ത് വന്നത്.