
ചെന്നൈ: തമിഴ് നാട്ടില്‍ സ്ത്രീകള്‍ തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതില്‍ പ്രതികരിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. ഡിഎംകെ യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ലൈംഗീകാതിക്രമങ്ങള്‍ സംസ്ഥാനത്തെ ക്രമസമാധാനം തകരാറിലാണെന്നാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. തമിഴ്നാട്ടിലെ റോഡുകളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പെണ്‍കുട്ടികള്‍ക്ക് സ്കൂളിലെക്കോ കോളേജിലെക്കോ ഒഫീസിലെക്കോ പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്ത്രീകള്‍ക്ക് ട്രെയിനിൽ പോലും സുരക്ഷിതരായി സഞ്ചരിക്കാന്‍ സാധിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ഇത് നാണക്കേടുണ്ടാക്കുന്നതാണ്'' ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ഗര്‍ഭിണിയായ സ്ത്രീക്കെതിരെ ഉണ്ടായ പീഡന ശ്രമത്തില്‍ പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയില്‍ പ്രത്യേക പരിഗണന നല്‍കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തമ്ഴ്നാട്ടിലെ വെല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ഗര്‍ഭിണിയായ സ്ത്രീയെ പുറത്തേക്കെറിഞ്ഞ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിനിയായ 36 കാരിയാണ് ആക്രമണത്തിനിരയായത്. യുവതി പീഡന ശ്രമം എതിര്‍ത്തതോടെ തള്ളി പുറത്തേക്കിടുകയായിരുന്നു. ജോലാർപേട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ലേഡീസ് കംപാർട്ട്മെന്‍റിലേക്ക് യുവാവ് കയറിയത്.
കംപാർട്ട്മെന്‍റില്‍ യുവതി തനിച്ചാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് ഇയാൾ കയറിയത്. ട്രെയിൻ സ്റ്റേഷൻ വിട്ടതിന് പിന്നാലെ ഇയാൾ യുവതിയെ ശല്യം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. യുവതി പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പുറത്തേക്ക് തള്ളിയിട്ടത്.
കയ്യും കാലുമൊടിഞ്ഞ് എഴുന്നേല്‍ക്കാന്‍ സാധിക്കാതെ ട്രാക്കിനു സമീപം വീണുകിടക്കുകയായിരുന്ന യുവതിയെ ആളുകള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ ലഹരിയുടെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതോടെ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങള്‍ പേടിപ്പിക്കുന്നതാണെന്നും ലഹരിക്കടത്തുകാരെ തമിഴ്നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ് എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെ ഗവണ്‍മെന്‍റെന്നും ബിജെപി നേതാവ് അണ്ണമലൈ വിമര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്തയെ തുടര്‍ന്നായിരുന്നു പ്രതികരണം.
കിളമ്പാക്കം ബസ് ടെര്‍മിനലിനു സമീപത്താണ് ബംഗാള്‍ സ്വദേശിയായ 18 കാരിക്കെതിരെ പീഡനശ്രമം ഉണ്ടായത്. ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് അക്രമിച്ചത്. ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയോട് ഓട്ടോയില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റി. മുന്നോട്ടു നീങ്ങിയ ഓട്ടോയില്‍ മറ്റു രണ്ടുപേര്‍കൂടി കയറുകയായിരുന്നു. പ്രതികള്‍ ഉപദ്രവിക്കാന്‍ ആരംഭിച്ചതോടെ കുട്ടി നിലവിളിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി.
പെണ്‍കുട്ടിയുടെ നിലവിളി പരിസരത്തുള്ളവര്‍ ശ്രദ്ധിച്ചതോടെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നെത്തിയ ഒരു സംഘം പൊലീസ് അക്രമികളെ പിന്തുടര്‍ന്നു. പൊലീസിനെ കണ്ടതോടെ പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ട് പ്രതികള്‍ കടന്നുകളഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയതു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം