ജെഎന്‍യുവിലെ മുഖംമൂടി ആക്രമണം; അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Jan 10, 2020, 9:35 AM IST
Highlights

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാൻസലര്‍ ജഗദീഷ് കുമാറുമായി ചർച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. 

ദില്ലി: ജെഎന്‍യുവില്‍ നടന്ന ആക്രമണങ്ങളിലെ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ഇന്നലെ മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. പ്രതികളെ പിടികൂടാനുള്ള  ശ്രമം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വിശദീകരണം. അതേസമയം ജെഎന്‍യുവിഷയത്തില്‍ ഇന്ന് രണ്ട് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം രാവിലെ ജെഎന്‍യു വൈസ് ചാൻസലര്‍ ജഗദീഷ് കുമാറുമായി ചർച്ച നടത്തും. ഉച്ചക്ക് ശേഷം വിദ്യാർത്ഥികളുമായി ചർച്ച നടത്തുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. വിദ്യാര്‍ത്ഥികൾ ദില്ലിയിൽ തുടര്‍ പ്രതിഷേധങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ അറിയിച്ചത്. ചർച്ചയിൽ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. 

ഇന്നലെ വിദ്യാർത്ഥി യൂണിയനും മാനവവിഭവശേഷി മന്ത്രാലയവും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പെൺകുട്ടികളെയടക്കം പൊലീസ് മർദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. സമരം ഇന്നും തുടരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിസിയെ സ്ഥാനത്ത് നിന്ന് നീക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ.



 

click me!