
ദില്ലി : സിബിഎസ്ഇയിലെ സാങ്കേതിക പ്രതിസന്ധിയിൽ ഐഐടി വിദഗ്ധരും സിബിഎസ്ഇ ഉദ്യോഗസ്ഥരും ഓൺലൈൻ യോഗം ചേർന്നു. ബാങ്കുകളുടെ പ്രതിനിധികൾ ഇന്നലെ തന്നെ പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള പുനർമൂല്യനിർണ്ണയ പ്രക്രിയയിൽ നേരിടുന്ന കടുത്ത സാങ്കേതിക തടസ്സങ്ങളും മൂല്യനിർണ്ണയത്തിലെ പിഴവുകളുമാണ് പ്രതിസന്ധിക്ക് കാരണം.
വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധരയടങ്ങുന്ന സംഘത്തെ വിദ്യാഭ്യാസ മന്ത്രാലയം ചുമതലപ്പെടുത്തി. പണമിടപാടിലെ പ്രതിസന്ധി മറികടക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയുടെ സാങ്കേതിക സഹായം ഉറപ്പാക്കി. സാങ്കേതിക തടസങ്ങൾ കണക്കിലെടുത്ത് ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടിയിട്ടുണ്ട്.
പ്രതിസന്ധിയിൽ ഇടപെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സാങ്കേതിക പിഴവിനെ കുറിച്ചും വിദ്യാർത്ഥികളുടെ പരാതിയെക്കുറിച്ചും വിദ്യാഭ്യാസ മന്ത്രി സിബിഎസ്ഇയിൽനിന്ന് വിശദമായ റിപ്പോർട്ട് തേടി.
വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെ സംബന്ധിച്ചും പരിശോധന നടക്കും. നിലവിലെ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. പുനർമൂല്യനിർണ്ണയനടപടികൾ ഇപ്പോഴും അവതാളത്തിലാണ്.
സാങ്കേതിക പ്രശ്നം പരിഹരിക്കാനാണ് ഐഐടി മദ്രാസിലെ പ്രത്യേക സംഘത്തെ നിയോഗിച്ചത്. സാങ്കേതിക തകരാറുകൾ ഒഴിവാക്കുവാനും സിബിഎസ്ഇ സഹായിക്കാനുമാണ് നടപടി. പണമിടപാടിലെ പ്രശ്നം അടക്കം സംഘം പരിശോധിച്ച് പരിഹരിക്കും, അപേക്ഷിച്ച എല്ലാവർക്കും ഉത്തരക്കടലാസുകൾ കിട്ടുമെന്നും കൂടുതൽ ഫീസിടാക്കിയവർക്ക് റീഫണ്ട് നൽകും എന്നും സിബിഎസ് ഇ അറിയിച്ചു. പുതിയതായി അപേക്ഷ നൽകേണ്ടതില്ലെന്നും സിബിഎസ്ഇ വിശദീകരിച്ചു. ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് നൽകിയിരിക്കുന്ന നിരവധി ഉത്തരക്കടലാസുകൾ വീണ്ടും പുറത്തുവന്നു. ഇത് എന്ത് മൂല്യനിർണ്ണയം എന്ന് ചോദ്യം വിദ്യാർത്ഥികൾ ഉയർത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam