സിംഹങ്ങളെ കൂടുതൽ അടുത്തുകാണാനായാണ് യുവാക്കളുടെ സംഘം വനത്തിനകത്ത് പ്രവേശിച്ചത്. ആൺസിംഹവും പെൺസിംഹവും ഇണചേരുന്നതാണ് യുവാക്കൾ കണ്ടത്.

അഹമ്മദാബാദ്: ​ഗുജറാത്തിലെ അമ്രേലി ജില്ലയിൽ സിംഹത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. അമ്രേലിയിലെ ലുവാരിയ റിസർവ് ​​ വനത്തിലായിരുന്നു സംഭവം. 21-കാരനായ സൊഹിൽ മേമൻ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ ഒരുമാസത്തിനിടെ സിംഹം മനുഷ്യരെ ആക്രമിക്കുന്ന നാലാമത്തെ സംഭവമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവാവും സംഘവും സിംഹങ്ങളെ കാണാനായാണ് കഴിഞ്ഞദിവസം രാത്രി വനത്തിനുള്ളിൽ കടന്നതെന്നാണ് അധികൃതർ പറയുന്നത്. സിംഹങ്ങളെ കൂടുതൽ അടുത്തുകാണാനായാണ് യുവാക്കളുടെ സംഘം വനത്തിനകത്ത് പ്രവേശിച്ചത്. ആൺസിംഹവും പെൺസിംഹവും ഇണചേരുന്നതാണ് യുവാക്കൾ കണ്ടത്. തുടർന്ന് സിംഹങ്ങളുടെ അടുത്തുചെന്ന് പ്രകോപിപ്പിച്ചെന്നും ഇതോടെ ആൺസിംഹം യുവാവിനെ ആക്രമിച്ചെന്നും വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയാണുണ്ടായതെന്നും അധികൃതർ പറഞ്ഞു.

യുവാവിനെ കടിച്ചുകീറിയ ശേഷം സിംഹം മൃതദേഹത്തിന് സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ കൂടുതൽ സിംഹങ്ങളും ഇവിടെയെത്തി. വനംവകുപ്പ് അധികൃതർ ഏറെ പണിപ്പെട്ടാണ് ഇവയെ സ്ഥലത്തുനിന്ന് മാറ്റിയത്. തുടർന്നാണ് യുവാവിന്റെ മൃതദേഹം വീണ്ടെടുത്തത്.