
ബെംഗളൂരു: കർണാടകയിലെ ദാവൻഗെരെയിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം. ദാവൻഗെരെയിലെ ചന്നാഗിരി പൊലീസ് സ്റ്റേഷൻ നേരെ ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്. പൊലീസ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിനെത്തുടർന്ന് നടന്ന പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. ചന്നഗിരി സ്വദേശിയായ ആദിൽ എന്ന യുവാവാണ് മരിച്ചത്. പണം വച്ചുള്ള ചൂതാട്ടത്തിനിടെയാണ് ആദിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പൊലീസ് സ്റ്റേഷനിലെത്തിച്ച് അരമണിക്കൂറിനുള്ളിൽ ആദിൽ കുഴഞ്ഞ് വീണ് മരിച്ചു. ഇത് കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണെന്ന് ആദിലിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. ഇതിന് പിന്നാലെ പ്രതിഷേധവുമായി വലിയ ആൾക്കൂട്ടം തടിച്ച് കൂടുകയും പൊലീസ് സ്റ്റേഷൻ നേരെ ആക്രമണം നടത്തുകയുമായിരുന്നു. സ്റ്റേഷന് നേരെ കല്ലെറിഞ്ഞ ആൾക്കൂട്ടം മുൻപിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും തല്ലിത്തകർത്തു. രാത്രി വൈകിയാണ് സ്ഥിതി നിയന്ത്രണവിധേയമായത്. സംഭവത്തെത്തുടർന്ന് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം ആദിലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകുമെന്നും ദാവൻഗെരെ എസ്പി അറിയിച്ചു.'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam