
ആഗ്ര: കോഴികളുമായി എത്തിയ ലോറി മറിഞ്ഞതോടെ കോഴികളെ പിടികൂടാൻ ഓടിക്കൂടി ജനം. ഉത്തർപ്രദേശിലെ കനൗജിൽ ആഗ്ര എക്സ്പ്രസ് വേയിലാണ് സംഭവം. ഡ്രൈവറും സഹായിയും അപകടത്തിൽ പരിക്കേറ്റ് കിടന്നിട്ടും അവരെ രക്ഷിക്കാൻ ശ്രമിക്കാതെ കോഴികളെ പിടികൂടി വീട്ടിൽ കൊണ്ടുപോകാനാണ് ആളുകൾ ശ്രമിച്ചത്. ഫെബ്രുവരി 15 ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിൽ ചിതറിയ കോഴികളെ പരമാവധി പിടികൂടി കൊണ്ടുപോകാൻ ശ്രമിക്കുന്ന ജനക്കൂട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും ആളുകൾ ശ്രദ്ധിച്ചില്ല. പൊലീസും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതിനു ശേഷമാണ് പ്രശ്‌നം പരിഹരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ സലീമും സഹായി കലീമും അമേത്തിയിൽ നിന്ന് ഫിറോസാബാദിലേക്ക് ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേ വഴി കോഴികളെ കൊണ്ടുപോകുകയായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ്, സകരാവയിലെത്തിയപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി അജയ് കുമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam