ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ദില്ലിയിൽ സിആർപിഎഫ് ആസ്ഥാനം അടച്ചിട്ടു

By Web TeamFirst Published May 3, 2020, 1:35 PM IST
Highlights

നേരത്തേ നിതി ആയോഗ് കെട്ടിടത്തിലെ ഒരു ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് 48 മണിക്കൂർ നേരത്തേക്ക് കെട്ടിടം അടച്ചിട്ടിരുന്നു. അണുനശീകരണത്തിനാണ് അടച്ചിട്ടത്. ദില്ലിയിൽ തന്ത്രപ്രധാനമായ കെട്ടിടങ്ങളിൽ ഒന്നു കൂടി അണുനശീകരണത്തിന് അടയ്ക്കുകയാണ്.

ദില്ലി: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലിയിലെ സിആർപിഎഫ് ആസ്ഥാനം അടച്ചു. ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. ദില്ലിയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിടുന്ന രണ്ടാമത്തെ തന്ത്രപ്രധാനമായ കെട്ടിടമാണിത്. 

ദില്ലിയിലെ മയൂർവിഹാർ ഫേസ് 3-യിൽ ഉള്ള സിആർപിഎഫിന്‍റെ 31-ാം ബറ്റാലിയനിൽ 122 ജവാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെത്തന്നെയുള്ള 100 പേരുടെ കൂടി ഫലം വരാനിരിക്കുകയാണ്. കൂട്ടത്തോടെ ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ ക്യാമ്പ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അതീവജാഗ്രതയോടെയാണ് ജവാൻമാരെ ക്വാറന്‍റൈനിൽ പാർപ്പിച്ച് ചികിത്സ നൽകുന്നത്. ഇവരെല്ലാവരും നിലവിൽ ദില്ലിയിലെ മണ്ഡവേലിയിലുള്ള പ്രത്യേക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആയിരത്തിലധികം ജവാൻമാർ ജോലി ചെയ്യുന്ന സിംഗിൾ ബറ്റാലിയനാണ് മയൂർ വിഹാർ ഫേസ് 3-ലെ ഈ ക്യാമ്പ്. ഇവിടെ കൂട്ടത്തോടെയുണ്ടായ രോഗബാധയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് തന്നെ ആശങ്കയുണ്ട്. 

ദില്ലിയിലെ നിതി ആയോഗ് കെട്ടിടത്തിൽ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 48 മണിക്കൂർ കെട്ടിടം അണുനശീകരണത്തിനായി അടച്ചിട്ടിരുന്നത്. ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും ക്വാറന്‍റീനിൽ പോകാൻ നിർ‍ദേശിച്ചതായും നിതി ആയോഗ് വ്യക്തമാക്കിയിരുന്നു. ചട്ടപ്രകാരമുള്ള എല്ലാ നിർദേശങ്ങളും നിതി ആയോഗ് പാലിക്കുന്നതിന്‍റെ ഭാഗമായാണ് കെട്ടിടം സീൽ ചെയ്തതെന്നും, എന്നാൽ മറ്റ് പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചിരുന്നു. 

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ദില്ലി. ദില്ലിയിൽ കഴിഞ്ഞ ദിവസം മാത്രം 384 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. ദില്ലിയിൽ മാത്രം 4122 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇപ്പോഴും ഏറ്റവുമധികം കേസുകൾ. തലസ്ഥാനത്ത് മാത്രം 90 കണ്ടെയ്ൻമെന്‍റ് സോണുകളുണ്ട്. 1256 പേർക്ക് രോഗമുക്തിയുണ്ടായെങ്കിലും 64 പേർ ദില്ലിയിൽ കൊവിഡിന് കീഴടങ്ങി. 

click me!