അസം-മിസോറാം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ്, തടസം നീങ്ങിയിട്ടും ട്രക്കുകൾ ഓടിത്തുടങ്ങിയില്ല

By Web TeamFirst Published Jul 30, 2021, 6:49 PM IST
Highlights
സംഘർഷ സാഹചര്യം നിലനില്‍ക്കുന്ന അസം-മിസോറം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ് നടത്തി. മിസോറാമിലേക്കുള്ള റോഡിലെ തടസം നീക്കിയെങ്കിലും ട്രക്കുകള്‍ ഇനിയും ഓടാന്‍ ആരംഭിച്ചിട്ടില്ല.

ദില്ലി: സംഘർഷ സാഹചര്യം നിലനില്‍ക്കുന്ന അസം-മിസോറം അതിര്‍ത്തിയില്‍ സിആര്‍പിഎഫ് പട്രോളിങ് നടത്തി. മിസോറാമിലേക്കുള്ള റോഡിലെ തടസം നീക്കിയെങ്കിലും ട്രക്കുകള്‍ ഇനിയും ഓടാന്‍ ആരംഭിച്ചിട്ടില്ല. നിരവധി ട്രക്കുകളാണ് അസമിലെ അതിര്‍ത്തി ഗ്രാമമായ ധോലായില്‍ ഇപ്പോഴും നിർത്തിയിട്ടിരിക്കുന്നത്.  

സംഘര്‍ഷം ആരംഭിച്ചതോടെ ത്രിപുരയില്‍ നിന്നാണ് മിസോറമിലേക്കുള്ള അവശ്യസാധനങ്ങള്‍ എത്തുന്നത്. മിസോറമിലേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് അസം സർക്കാര്‍ സംസ്ഥാനത്തുള്ളവര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്രസർക്കാരിനോട് മിസോറാം ആവശ്യപ്പെട്ടിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍  മേഖലയിൽ സിആര്‍പിഎഫിനെ വിന്യസിച്ചിരിക്കയാണ്.

അസമില്‍ നിന്നുള്ള അക്രമികള്‍ റെയില്‍ ട്രാക്കുകള്‍ എടുത്തുമാറ്റിയതും ദേശീയപാത 306 തടസ്സപ്പെടുത്തിയതും സംസ്ഥാനത്തെ ഗതാഗതത്തെ ആകെ ബാധിച്ചെന്നാണ് മിസോറാം സർക്കാരിന്‍റെ ആരോപണം. ഇത് പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാണ് സംസ്ഥാനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മിസോറാമിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ പാതയാണ് തടസപ്പെട്ടതെന്ന് മിസോറാം ആഭ്യന്തര സെക്രട്ടറി പറഞ്ഞു. സംസ്ഥാന ഏജന്‍സികള്‍ക്കോ ജനങ്ങള്‍ക്കോ റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെടുത്താനുള്ള അധികാരമില്ലെന്നും അദ്ദേഹം വിമർശിച്ചു. 

അതിര്‍ത്തി സംഘർഷത്തില്‍ കഴിഞ്ഞ ദിവസം അസം- മിസോറാം സംസ്ഥാനങ്ങള്‍ ഇടക്കാല കരാറില്‍ എത്തിചേര്‍ന്നിരിന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളും പൊലീസ് സേനയെ പിന്‍വലിച്ചുട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ തര്‍ക്കപ്രദേശത്ത് നാല് കീലോമീറ്ററോളം ദൂരത്തില്‍ വിന്യസിച്ചിരിക്കുകയാണ്.

ഇതിനിടെ അസം പൊലീസുകാരെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ മിസോറാം എംപി കെ വന്‍ലവേനയെ ദില്ലിയില്‍ എത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തില്‍ ആണ് അസം പൊലീസ്. ഏകപക്ഷീയമായി വെടിക്കാൻ ആരംഭിച്ചത് അസം പോലീസ് ആണെന്നും ഇനിയും അതിക്രമിച്ച് കയറിയാല്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്നുമായിരുന്നു എംപിയുടെ പരാമർശം. ഗൂഢാലോചന കൂടി ആരോപിച്ചാണ് എംപിയെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.

click me!