ചിദംബരത്തിന് നിർണായകദിനം: ജാമ്യഹർജികളിൽ സുപ്രീംകോടതിയിലടക്കം വിധി ഇന്ന്

By Web TeamFirst Published Sep 5, 2019, 8:42 AM IST
Highlights

ഐഎൻഎക്സ് മീഡിയക്കേസിൽ എൻഫോഴ്‍സ്മെന്‍റ് അറസ്റ്റിനെതിരെ ജാമ്യം നൽകിയില്ലെങ്കിൽ ഇന്ന് വീണ്ടും ചിദംബരം അറസ്റ്റിലാവും. തിഹാറിലേക്ക് ചിദംബരത്തെ വിടുമോ? അതും ഇന്നറിയാം. 

ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുൻ ധനമന്ത്രി പി ചിദംബരം നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മുൻകൂര്‍ ജാമ്യം തള്ളുകയാണെങ്കിൽ സിബിഐ കസ്റ്റഡിക്ക് ശേഷം ചിദംബരത്തെ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്യും.

സിബിഐയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള ചിദംബരത്തിന്‍റെ ഹര്‍ജിയും ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. ഈ കേസിൽ ചിദംബരത്തെ തിഹാര്‍ ജയിലേക്ക് വിടുന്നത് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ചിദംബരത്തിനെതിരെ സിബിഐ നൽകിയ തെളിവുകൾ പരിശോധിച്ചാകും ഇക്കാര്യത്തിലെ സുപ്രീംകോടതി തീരുമാനം. ഇതിന് പുറമെ ഏയര്‍സെൽ മാക്സിസ് കേസിൽ ചിദംബരവും കാര്‍ത്തി ചിദംബരവും നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയിൽ ദില്ലി പ്രത്യേക കോടതിയുടെ വിധിയും ഇന്നാണ്.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന അപേക്ഷ ദില്ലി ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം പിന്നീട് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹർജി നൽകിയ അന്ന് രാത്രി തന്നെ സിബിഐ അദ്ദേഹത്തിന്‍റെ വീട്ടിൽ മതിൽ ചാടിക്കടന്ന് കയറി സിബിഐയും എൻഫോഴ്‍സ്മെന്‍റും ചിദംബരത്തെ അറസ്റ്റ് ചെയ്തു. 

ആഗസ്റ്റ് 21 രാത്രി മുതൽ അദ്ദേഹം സിബിഐ കസ്റ്റഡിയിലാണ്. എൻഫോഴ്‍സ്മെന്‍റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനൊരുങ്ങിയിരുന്നെങ്കിലും സുപ്രീംകോടതി തൽക്കാലം അത് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇഡി കേസിലെ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച സുപ്രീംകോടതി വിധി പറയും.                                                             

ചിദംബരത്തിനെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ജയിലിലേക്കയക്കാമെന്നും കേന്ദ്രസർക്കാർ വാദിക്കുമെന്ന് മുൻകൂട്ടി കണ്ട അദ്ദേഹത്തിന്‍റെ അഭിഭാഷകസംഘം, ഇത്രയും പ്രായമായ അദ്ദേഹത്തെ ജയിലിലേക്ക് അയക്കരുതെന്ന് ശക്തമായി സിബിഐ പ്രത്യേക കോടതിയിലും സുപ്രീംകോടതിയിലും വാദിച്ചിരുന്നു. 

click me!