
ദില്ലി: രാജ്യതലസ്ഥാനത്തെ സിവിൽ ഡിഫൻസ് വളണ്ടിയറുടെ ക്രൂര കൊലപാതകത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കൾ ആരോപിച്ചു. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായ സിവിൽ ഡിഫൻസ് വളണ്ടിയറുടെ കൊലപാതകം പൊലീസ് രേഖകൾ പ്രകാരം ഇങ്ങനെയാണ്. ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീൻ എന്നയാൾ തൻ്റെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു പറഞ്ഞു. മൃതദേഹം ഹരിയാനയിലെ ഫരീദാബാദിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ദില്ലി പൊലീസ് ഈ വിവരം ഹരിയാന പൊലീസിന് കൈമാറി. 27ാം തീയ്യതി ഫരീദാബാദിലെ സൂരജ് ഖുണ്ഡിൽ നിന്ന് ഇരുപത്തിയൊന്നുകാരിയായ സിവിൽ ഡിഫൻസ് വളണ്ടിയറുടെ മൃതദേഹം കണ്ടെത്തി.
യുവതിയും താനും രഹസ്യമായി രജിസ്ട്രർ വിവാഹം ചെയ്തവരാണെന്നും സംശയത്തിൻറെ പേരിലാണ് ഭാര്യയെ താൻ കഴുത്തറുത്തു കൊന്നതെന്നും നിസാമുദ്ദീൻ സമ്മതിച്ചതായി പൊലീസ് പറയുന്നു. ഫരീദാബാദ് പൊലീസ് നിസാമുദ്ദീൻറെ അറസ്റ്റു രേഖപ്പെടുത്തി. എന്നാൽ മകളുടെ കൊലപാതകത്തിന് പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടെന്നാണ് യുവതിയുടെ അച്ഛൻറെ ആരോപണം.
മകൾക്ക് ഇങ്ങനെയൊരു ഭർത്താവുള്ളതായി അറിയില്ലെന്ന് യുവതിയുടെ അച്ഛനമ്മമാർ വ്യക്തമാക്കി.യുവതിയെ കാണാതായതായി പരാതി ലഭിച്ച ഉടനെ അന്വഷിക്കാൻ പൊലീസ് തയ്യാറായില്ല എന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. യുവതി കൂട്ട ബലാത്സംഗത്തിനിരയായി എന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിന് തെളിവുകളില്ല. ശക്തമായ അടിയിലുണ്ടായ ക്ഷതമാണ് മരണകാരണമായി റിപ്പോർട്ടിൽ പറയുന്നത്.
യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ വിവാഹിതയായെന്ന വിവരം യുവതി ബന്ധുക്കളിൽ നിന്ന് മറച്ചു വച്ചുവച്ചിരുന്നുവെന്നും നിസ്സാമുദ്ദീൻ്റെ സംശയം കാരണമാണ് ക്രൂരമായ കൊലപാതകം നടന്നതെന്നും പൊലീസ് ആവർത്തിക്കുന്നു. കേസ് പ്രത്യേക സംഘത്തിന് കൈമാറണമെന്നാണ് ബന്ധുക്കളുടെ ഇപ്പോഴത്തെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam