
ന്യൂഡൽഹി: റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻ രക്തം ഛർദിച്ച ഉപഭോക്താക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണ ശേഷം ഇവർക്ക് നൽകിയ മൗത്ത് ഫ്രഷ്നർ വായിലിട്ട ഉടനെ പൊള്ളലേറ്റത് പോലുള്ള അനുഭവമാണുണ്ടായതെന്ന് ഇവർ നൽകിയ പരാതിയിൽ പറഞ്ഞു. ഗുരുഗ്രാമത്തിലെ ഒരു കഫേയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊള്ളലേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍.
ഗുരുഗ്രാമം സെക്ടർ 90ലെ ഒരു കഫേയിൽ ഭക്ഷണം കഴിക്കാനെത്തിയ അങ്കിത് കുമാർ എന്നയാളും ഭാര്യയും ഏതാനും സുഹൃത്തുക്കളുമാണ് ചികിത്സയിലുള്ളത്. മൗത്ത് ഫ്രഷ്നർ വായിലിട്ട ഉടൻ തന്നെ ഇവർ അസ്വസ്ഥതയും വേദനയും കാരണം നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. ഒരാൾ നിലത്തേക്ക് രക്തം ഛർദിക്കുന്നതും ഒരു സ്ത്രീ വായിൽ ഐസ് ക്യൂബുകള്‍ വെയ്ക്കുന്നതും കാണാം. 'ഇത് പൊള്ളുന്നു' എന്ന് അവർ വിളിച്ചുപറയുന്നുമുണ്ട്.
'മൗത്ത് ഫ്രഷ്നറിൽ അവർ എന്താണ് മിക്സ് ചെയ്ത് തന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. ഇവിടെ എല്ലാവരും ഛർദിക്കുകയാണ്. നാക്കിൽ മുറിവുണ്ടായി. വായ മുഴുവൻ വെന്തുനീറുന്നു. എന്ത് തരം ആസിഡാണ് ഈ തന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല' - അങ്കിത് കുമാർ പറയുന്നു. പിന്നീട് പൊലീസിനെ വിളിക്കാൻ അദ്ദേഹം കഫേയിലുള്ള മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു. മൗത്ത് ഫ്രഷ്നറിന്റെ പാക്കറ്റ് താൻ ഡോക്ടറെ കാണിച്ചതായും, അത് ഡ്രൈ ഐസ് എന്ന് അറിയപ്പെടുന്ന വസ്തുവാണെന്ന് ഡോക്ടർ പറഞ്ഞതായും അങ്കിത് കുമാറിന്റെ പാരാതിയിൽ ആരോപിക്കുന്നു. മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള രാസവസ്തുവാണിതെന്ന് ഡോക്ടർ പറഞ്ഞതായും അദ്ദേഹം പറയുന്നുണ്ട്.
മൗത്ത് ഫ്രഷ്നർ വായിലിട്ടവർക്ക് ആദ്യം തന്നെ പൊള്ളലേൽക്കുന്ന അനുഭവമാണ് ഉണ്ടായതെന്നും പിന്നീട് ഛർദി തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകള്‍. രക്തമാണ് ഛർദിച്ചത്. വെള്ളം ഉപയോഗിച്ച് വായ കഴുകിയിട്ടും കാര്യമുണ്ടായില്ല. അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഉപഭോക്താക്കളുടെ പരാതി പ്രകാരം പൊലീസ് റസ്റ്റോറന്റ് ഉടമയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam