
ഇൻഡോർ: നിരവധി രാജ്യങ്ങളുടെ കറൻസികളുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡോറിലെ ദേവി അഹല്യഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പിടികൂടിയത്. ഏകദേശം 26 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ പിടിച്ചെടുത്തു.
എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റ് നമ്പർ 255-ൽ ഇൻഡോറിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് കറൻസി പിടിച്ചെടുത്തത്. സിഐഎസ്എഫ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.
യാത്രക്കാരന്‍റെ ട്രോളി ബാഗ് പരിശോധിച്ചപ്പോൾ 8000 യുഎസ് ഡോളർ, 500 ന്യൂസിലൻഡ് ഡോളർ, 60 പൗണ്ട് , 40 റിയാൽ, 19,665 യൂറോ എന്നിങ്ങനെ 26 ലക്ഷം രൂപ വിലമതിക്കുന്ന കറൻസി കണ്ടെത്തി. വിദേശ കറൻസിയുടെ ഉറവിടം കാണിക്കുന്ന നിയമപരമായ രേഖകളൊന്നും യാത്രക്കാരന്‍റെ കൈവശമുണ്ടായിരുന്നില്ല.
1999ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട്, 2016ലെ ബാഗേജ് നിയമം, 1963ലെ കസ്റ്റംസ് നിയമം എന്നിവ ഉൾപ്പെടെയുള്ള നിയമങ്ങൾ യുവാവ് ലംഘിച്ചതായി അധികൃതർ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം