
ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെയാണ് തൻ്റെ പേരിലുള്ള രണ്ടിടത്തെ സ്ഥലങ്ങളും ഒരു ഫ്ലാറ്റും പത്ത് വയസുകാരൻ്റെ അമ്മയായ യുവതി വിൽപ്പന നടത്തിയത്. ഇതിന് പുറമെ ബാങ്കിൽ നിന്ന് വായ്പയും നേടി. ആകെ 2 കോടി രൂപ സമാഹരിച്ചു. എല്ലാം അടച്ചുപൂട്ടിയ വീടിന് അകത്തിരുന്ന് തന്നെ ചെയ്തു. ജൂൺ മാസത്തിൽ തുടങ്ങി നവംബർ 27 വരെ 22 തവണകളായി ആകെ 2,05,16,652 രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് യുവതി നൽകിയത്. എല്ലാത്തിനും ഒടുവിലാണ് താൻ ചതിക്കപ്പെട്ടതാണെന്ന് അവർ തിരിച്ചറിഞ്ഞത്. യുവതിയുടെ പരാതിയിൽ ബെംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.
രാജ്യത്ത് ഏറെനാളായി നടമാടുന്ന സൈബർ കുറ്റകൃത്യങ്ങളിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന വൻ തട്ടിപ്പിൻ്റെ വാർത്തയാണിത്. ബെംഗളൂരുവിൽ താമസിക്കുന്ന യുവതിക്കാണ് ഈ ദുരവസ്ഥ. ബ്ലൂഡാർട് കൊറിയർ സർവീസിൽ നിന്നെന്ന പേരിൽ വന്ന ഫോൺ കോളിൽ നിന്നായിരുന്നു തുടക്കം. നിരോധിത ലഹരി മരുന്നുകൾ എത്തിയത് യുവതിയുടെ പേരിലാണെന്നും ആധാർ നമ്പർ അടക്കം തെളിവായുണ്ടെന്നും ആരോപിച്ചായിരുന്നു ഫോൺ കോൾ. പിന്നാലെ മുംബൈ പൊലീസ് എന്ന പേരിൽ തട്ടിപ്പ് സംഘം കൂടുതൽ ഭീഷണികളുമായി രംഗത്ത് വന്നു. മയക്കുമരുന്ന് കേസിൽ പത്ത് വയസുകാരനായ മകനെയും അറസ്റ്റ് ചെയ്യുമെന്ന ഇവരുടെ ഭീഷണി കേട്ട്, ഭയന്ന യുവതി ഇതിനെ മറികടക്കാൻ സാധ്യമായതെല്ലാം ചെയ്തു.
അങ്ങനെയാണ് ബെംഗളൂരു മഹാനഗരത്തിലെ പൊന്നുംവിലയുള്ള രണ്ടിടത്തെ പ്ലോട്ടുകളും ലക്ഷങ്ങൾ വിലവരുന്ന ഫ്ലാറ്റും യുവതി വിറ്റത്. കൂടാതെ ബാങ്കിൽ നിന്ന് വായ്പയുമെടുത്തു. ഈ വായ്പ തവണകളായി തിരിച്ചടക്കുകയാണ് യുവതിയിപ്പോൾ. ഇവരുടെ പരാതിയിൽ വൈറ്റ്ഫീൽഡ് സിഇഎൻ പൊലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സമാനമായ ഫോൺ സന്ദേശങ്ങൾ ലഭിച്ചാൽ പകച്ചുപോകരുതെന്നും ഉടൻ തങ്ങളെ വിവരം അറിയിക്കണമെന്നുമാണ് ബെംഗളൂരു പൊലീസ് അറിയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam