
ദില്ലി: കർഷകസമരത്തിൽ കേന്ദ്രം കൂടുതൽ വിട്ടുവീഴ്ചക്ക് തയ്യാറായേക്കുമെന്ന് സൂചന. താങ്ങുവിലയിൽ നൽകിയ ഉറപ്പുകൾ പ്രത്യേക ഉത്തരവായി പുറത്തിറക്കാനാണ് സാധ്യത. കൃഷിമന്ത്രി വിളിച്ച ചർച്ചയിൽ പങ്കെടുക്കാൻ കർഷകർ വിജ്ഞ്യാൻ ഭവനിലെത്തി. വിവാദനിയമം ആദ്യം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സമരക്കാർ. കർഷക സംഘടനകളും കേന്ദ്ര സർക്കാർ പ്രതിനിധികളും തമ്മിൽ അൽപ്പസമയത്തിനകം ചർച്ച ആരംഭിക്കും.
സമരം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇത് നാലാം വട്ടമാണ് കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തുന്നത്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന ആവശ്യവും കർഷകർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
ചർച്ചയിൽ കർഷകർ മുൻപോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയാണ്
1. മൂന്ന് നിയമങ്ങളും പിൻവലിക്കുക
2. എല്ലാ വിളകൾക്കും താങ്ങുവില പ്രഖ്യാപിക്കുക, നിയമ പരിരക്ഷ ഉറപ്പ് വരുത്തുക
3. കാർഷിക വശ്യങ്ങൾക്കുള്ള ഡീസൽ വില 50 % കുറയ്ക്കുക
4. കർഷകർക്കും മനുഷ്യാവകാശപ്രവർത്തകർക്കുമെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക.
5. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക.
കർഷകരുമായി ചർച്ച നടത്തുന്നതിന് മുന്നോടിയായി ആഭ്യമന്ത്രി അമിത് ഷാ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തി. സമരം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. സമരം പഞ്ചാബിൻ്റെ സമ്പദ് വ്യവസ്ഥയേയും രാജ്യസുരക്ഷയേയും ബാധിക്കുമെന്നും അമരീന്ദർ സിംഗ് ചൂണ്ടിക്കാട്ടി. ചർച്ച നടക്കുന്നത് കേന്ദ്രവും കർഷകരും തമ്മിലാണെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam