ബുറേവി ശ്രീലങ്കന്‍ തീരം തൊട്ടു; മണിക്കൂറില്‍ 90 കിമീ വരെ വേഗം, രാവിലെ ഇന്ത്യന്‍ തീരത്തെത്തിയേക്കും

By Web TeamFirst Published Dec 2, 2020, 9:30 PM IST
Highlights

തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

കൊളമ്പോ: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ട്രിങ്കോമാലിക്കും മുല്ലൈതീവിനും ഇടയിലാണ് തീരം തൊട്ടത്. രാവിലെ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുക്കും. നിലവില്‍ മണിക്കൂറില്‍ 90 കിമീ വരെ വേഗത്തിലായിരിക്കും ബുറേവി സഞ്ചരിക്കുക. ബുറേവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം നാളെ ഉച്ചക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ അനുഭവപ്പെട്ടു തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾക്കും രക്ഷാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം സജ്ജമാണ്. കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.  1077 എന്ന നമ്പറിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.

തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. മീൻ പിടുത്തക്കാര്‍ക്ക് ശനിയാഴ്ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യം ആണ് മുന്നിലുള്ളത്. അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ അടക്കം നടപടി എടുക്കും. ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം നാളെ ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.

സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കനത്ത കാറ്റിന് ഒപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം. 

click me!