ജസ്റ്റിസ് കർണൻ വീണ്ടും അറസ്റ്റിൽ, പിടിയിലായത് സ്ത്രീ വിരുദ്ധ പരാമർശത്തിന്

By Web TeamFirst Published Dec 2, 2020, 4:44 PM IST
Highlights

ഒക്ടോബറിൽ കർണനെതിരെ ജുഡീഷ്യൽ ഓഫീസർമാർക്കെതിരെ, പ്രത്യേകിച്ച് വനിതാ ഓഫീസർമാർക്കെതിരെ നടത്തിയ മോശം പരാമർശങ്ങളുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

ചെന്നൈ: മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും ജുഡീഷ്യൽ ഓഫീസർമാരെയും അവരുടെ ഭാര്യമാരെയും അടക്കം ചേർത്ത് മോശം പരാമർശങ്ങൾ നടത്തുകയും ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്തതിനാണ് അറസ്റ്റ്. ചെന്നൈ ആവടിയിലുള്ള കർണന്‍റെ വസതിയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒക്ടോബർ 27-ന് മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകൻ നൽകിയ പരാതിയിൽ കർണനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരെല്ലാം ചേർന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് ജസ്റ്റിസ് കർണനെതിരെ വിശദമായ പരാതി നൽകുകയും ചെയ്തു. കർണൻ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെക്കുറിച്ചും അവരുടെ ഭാര്യമാരെക്കുറിച്ചും, വളരെ മോശം ഭാഷയിൽ സംസാരിക്കുകയും, അവർക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ കൂടി ചേർത്താണ് അഭിഭാഷകർ ചീഫ് ജസ്റ്റിസിന് പരാതി നൽകിയത്.

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാർ ചില വനിതാ ഉദ്യോഗസ്ഥരെ ലൈംഗികപീഡനത്തിനിരയാക്കിയെന്ന പരാമർശവും കർണൻ ആ വീഡിയോയിൽ നടത്തിയിരുന്നു. ആ ദൃശ്യത്തിൽ പീഡനത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന ഇരകളുടെ പേരും കർണൻ വെളിപ്പെടുത്തുന്നുണ്ട്. 

സ്ത്രീകളെ അത്യന്തം അപമാനിക്കുന്നതാണ് കർണന്‍റെ പരാമർശങ്ങളെന്നും, ഇത് പച്ചയായ സ്ത്രീവിരുദ്ധതയാണെന്നും അഭിഭാഷകർ സംയുക്തമായി ചീഫ് ജസ്റ്റിന് നൽകിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിനെതിരെ അടിയന്തരനടപടി വേണമെന്നും കത്തിൽ അഭിഭാഷകർ ആവശ്യപ്പെടുന്നു.

2017 മെയ് മാസത്തിൽ, ജുഡീഷ്യറിക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരിൽ ആറ് മാസത്തെ തടവുശിക്ഷ സുപ്രീംകോടതി ജസ്റ്റിസ് കർണന് വിധിച്ചിരുന്നു. രാജ്യത്ത് തന്നെ ഇത്തരത്തിൽ ശിക്ഷയ്ക്ക് വിധേയനാകുന്ന ആദ്യത്തെ ന്യായാധിപനായിരുന്നു ജസ്റ്റിസ് കർണൻ. എന്നാൽ അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോകുകയടക്കം ചെയ്ത് വലിയ വിവാദങ്ങൾ അന്നേ സൃഷ്ടിച്ച കർണൻ തന്നെ ഇരയാക്കുകയാണ് ജുഡീഷ്യൽ സംവിധാനം ചെയ്യുന്നതെന്ന മറുവാദമാണുയർത്തിയത്. അനുകൂലവിധിയ്ക്ക് പണം വാങ്ങിയെന്നതടക്കം, ഗുരുതരമായ അഴിമതിയാരോപണങ്ങളടക്കം കർണനെതിരെ ഉയർന്നിരുന്നെങ്കിലും, തന്‍റെ ദളിത് പശ്ചാത്തലമാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെടാൻ കാരണമെന്ന് കർണൻ പ്രതികരിക്കുകയും ചെയ്തിരുന്നു. 

click me!