മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിയാകുന്നു; ആറ് ജില്ലകളില്‍ പൊതു അവധി, ട്രെയിനുകൾ റദ്ദാക്കി; ചെന്നൈ ജാഗ്രതയിൽ

Published : Dec 04, 2023, 11:27 AM ISTUpdated : Dec 04, 2023, 01:57 PM IST
മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിയാകുന്നു; ആറ് ജില്ലകളില്‍ പൊതു അവധി, ട്രെയിനുകൾ റദ്ദാക്കി; ചെന്നൈ ജാഗ്രതയിൽ

Synopsis

മിഗ്ജാമ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിലാണ് തമിഴ്നാടും ആന്ധ്രയും. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്,  വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

ചെന്നൈ/തിരുവനന്തപുരം: മിഗ്ജാമ് ചുഴലിക്കാറ്റ് നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 110 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുകയാണെന്ന് കാലാവസ്ഥ വിഭാഗം. വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തുടർന്ന് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ അഞ്ചിന് രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ / ഇടത്തരം  ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

മിഗ്ജാമ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിലാണ് തമിഴ്നാടും ആന്ധ്രയും. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്,  വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്. സ്വകാര്യ  സ്ഥാപനങ്ങൾ വർക്ക്‌ ഫ്രം ഹോം നടപ്പാക്കാൻ നിർദേശിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു.

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിന്നുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. 20 വിമാന സർവിസ് റദ്ദാക്കി. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

പ്രത്യേക ജാഗ്രതാ നിർദേശം

വടക്കൻ ആന്ധ്രപ്രദേശ് തീരം: വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങളിൽ  ഡിസംബർ 4 വൈകുന്നേരം മുതൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യത.  ഡിസംബർ 5 നു രാവിലെ മുതൽ തുടർന്നുള്ള 24  മണിക്കൂറിൽ  കാറ്റിൻറെ വേഗത  55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും കൂടുകയും  അതിനു ശേഷം കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.

ഒഡിഷ തീരം: ഒഡിഷ തീരങ്ങളിൽ  ഡിസംബർ 4 വൈകുന്നേരം മുതൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യത. തുടർന്ന് ഡിസംബർ 5 നു വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കൂടുകയും അടുത്ത 12 മണിക്കൂറിൽ നിലനിൽക്കുകയും അതിനു ശേഷം കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.

'തരുന്നത് 72,000 രൂപ, എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ല'; കേന്ദ്ര ആവശ്യം തള്ളി കേരള സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
'ചുംബിക്കുന്നത് സഹപ്രവർത്തകയെ, വീഡിയോ 8 വർഷം മുമ്പുള്ളത്?', ഡിജിപിയുടെ അശ്ലീല വീഡിയോ പകർത്തിയത് ഒളിക്യാമറയിലെന്ന് സൂചന