നൂറോളം ട്രെയിനുകളും ചില വിമാനങ്ങളും റദ്ദാക്കി; മോൻത ഇന്ന് കര തൊടും, ആന്ധ്ര അതീവ ജാഗ്രതയിൽ

Published : Oct 28, 2025, 07:56 AM IST
 Cyclone Montha live updates

Synopsis

നൂറോളം ട്രെയിനുകളും വിശാഖപട്ടണത്ത് നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. ആന്ധ്ര, ഒഡീഷ, തമിഴ്നാട് എന്നിവിടങ്ങളിലെ പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

വിശാഖപട്ടണം: മോൻത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. നൂറോളം ട്രെയിനുകൾ റദ്ദാക്കിയെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. റദ്ദാക്കിയവയിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമല്ല എക്സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് റായ്പൂർ വഴി തിരിച്ചുവിട്ടു.

വിജയവാഡ, രാജമുൻദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം വിശദമായ സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഒഡീഷ-ആന്ധ്ര റൂട്ടിലെ നിരവധി സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.

റെഡ് അലർട്ട്, വിമാനങ്ങളും റദ്ദാക്കി

വിമാന സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്‍റെയും എല്ലാ സർവീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ നിലവിലെ സമയക്രമം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടയ്ക്ക് സമീപം മോൻച ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ വേഗത മണിക്കൂറിൽ 90-100 കിലോമീറ്റർ വരെ എത്താനും 110 കിലോമീറ്റർ വരെ ആകാനും സാധ്യതയുണ്ട്.

കിഴക്കൻ പടിഞ്ഞാറൻ ഗോദാവരി, കോനസീമ, വിശാഖപട്ടണം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. വൈദ്യുതിയും ജലവിതരണവും തടസ്സമില്ലാതെ ഉറപ്പാക്കാനും ദുരിതാശ്വാസ കേന്ദ്രങ്ങളും മെഡിക്കൽ യൂണിറ്റുകളും സജ്ജമാക്കാനും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ വീടിനുള്ളിൽ കഴിയാനും നിർദേശിച്ചു.

സ്കൂളുകൾക്ക് അവധി

ആന്ധ്രയിലെ 14 ജില്ലകളിൽ ഒക്ടോബർ 29 വരെ വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. കക്കിനഡ, ഈസ്റ്റ് ഗോദാവരി, കോനസീമ, എളുരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ തുടങ്ങിയ ജില്ലകളിൽ ഒക്ടോബർ 31 വരെ സ്കൂളുകളും കോളജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. ഹോസ്റ്റലുകളിലെ വിദ്യാർത്ഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിലെ എട്ട് ജില്ലകളിൽ ഒക്ടോബർ 30 വരെ സ്കൂളുകൾക്ക് അവധിയാണ്. മൽക്കൻഗിരി, കോരാപുട്, രായഗഡ, ഗഞ്ചം, ഗജപതി, കാണ്ഡമാൽ, കലഹണ്ടി, നബരംഗ്പൂർ ജില്ലകളിലാണ് അവധി. ചെന്നൈ അടക്കം തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിൽ അടുത്ത 36 മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ, വില്ലുപുരം തുടങ്ങിയ ജില്ലകളിൽ സ്കൂളുകൾക്ക് അവധിയാണ്. ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ആന്ധ്ര, ഒഡിഷ, തമിഴ്നാട് ഭരണകൂടങ്ങൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ
വിദേശപൗരനായ ഡോക്ടർ ഇന്ത്യയിൽ നിന്ന് മടങ്ങാൻ വിമാനത്താവളത്തിലെത്തി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ; ബിജെപി നേതാക്കളെ അധിക്ഷേപിച്ചെന്ന് കേസ്