Jawad : ബംഗാള്‍ ഉള്‍ക്കടലില്‍ ജവാദ് ചുഴലിക്കാറ്റ് രൂപപ്പെട്ടു;100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

By Web TeamFirst Published Dec 3, 2021, 8:17 PM IST
Highlights

വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിലാണ് കര തൊടുക. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ (Bay of Bengal) ജവാദ് ചുഴലിക്കാറ്റ് (cyclonic storm Jawad) രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ പുലര്‍ച്ചയോടെ തീരം തൊടും. വടക്കന്‍ ആന്ധ്രയ്ക്കും തെക്കന്‍ ഒഡീഷ തീരത്തിനുമിടയിലാണ് കര തൊടുക. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആന്ധ്ര ഒഡീഷ തീരങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ആന്ധ്ര തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട് (Indian Meteorological Department ).

ആന്ധ്രയില്‍ നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 64 സംഘങ്ങളെ ആന്ധ്രയിലും ഒഡീഷയിലുമായി വിന്യസിച്ചു. ഒഡീഷയിലെ പുരി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശമുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 95 ട്രെയിനുകള്‍ റദ്ദാക്കി. സൗദി അറേബ്യ നി‍ർദേശിച്ച നാമങ്ങളുടെ പട്ടികയിൽ നിന്നാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന് പേര് നൽകിയത്.  


മുന്‍കരുതല്‍ നടപടിയായി ഒഡിഷ തീരത്തെ കൊവിഡ് വാക്സിന്‍ വിതരണം രണ്ട് ദിവസത്തേക്ക് നിര്‍ത്തി വച്ചിട്ടുണ്ട്. ശനിയും ഞായറും വാക്സിന്‍ വിതരണമുണ്ടാകില്ല. വിവിധയിടങ്ങളില്‍ ഹെല്‍പ് ഡെസ്കും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ അടക്കം 122 ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം റദ്ദാക്കിയിട്ടുള്ളത്. 

ജാവാദ് ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. അതേസമയം കേരളത്തില്‍ വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

click me!