Omicron : ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു; കര്‍ണാടകയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേരെ കാണാനില്ല

By Web TeamFirst Published Dec 3, 2021, 6:48 PM IST
Highlights

ദക്ഷിണ ആഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ 57 യാത്രക്കാരാണ് ബെംഗലുരുവിലെത്തിയത്. ഇതില്‍ 10 യാത്രക്കാരുടെ വിവരം ഇനിയും കണ്ടെത്താനായില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ സുധാകറും വിശദമാക്കി

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ (Travel history from African Nations) നിന്നെത്തിയ പത്തോളം യാത്രക്കാരെ കണ്ടെത്താനായില്ലെന്ന് കര്‍ണാടക (Karnataka). കർണാടകയിലെ ബെംഗളുരുവിൽ ഒമിക്രോൺ വൈറസ് (Omicron) സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബെംഗലുരും മഹാനഗര പാലികയുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. വെള്ളിയാഴ്ചയാണ് ബിബിഎംപി ഇക്കാര്യം വിശദമാക്കിയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ബിബിഎംപി കമ്മീഷണര്‍ ഗൌരവ് ഗുപ്ത പ്രതികരിച്ചു. ഫോണിലൂടെ ഇവരെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്. കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗൌരവ് ഗുപ്ത വ്യക്തമാക്കി.

കൊറോണ വൈറസിന്‍റെ വകഭേദമായ ഒമിക്രോണ്‍ വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ സ്ഥിരീകരിച്ചത്. ആളുകളോട് ജാഗ്രത പുലര്‍ത്താനും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കാനും ഗൌരവ് ഗുപത് ആവശ്യപ്പെട്ടു. ദക്ഷിണ ആഫ്രിക്കയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ 57 യാത്രക്കാരാണ് ബെംഗലുരുവിലെത്തിയത്. ഇതില്‍ 10 യാത്രക്കാരുടെ വിവരം ഇനിയും കണ്ടെത്താനായില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോക്ടര്‍ കെ സുധാകറും വിശദമാക്കി. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ഇവര്‍ നല്‍കിയ വിലാസത്തിലും ഇവരെ കണ്ടെത്താനായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈറസ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ക്ക് യാതൊരു യാത്രാ പശ്ചാത്തലം ഇല്ലാത്തത് ആരോഗ്യ വകുപ്പിന് ആശങ്കയായിട്ടുണ്ട്. ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കൊവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്. നിലവിൽ ബെംഗളുരുവിൽ ചികിത്സയിലുള്ളയാളുടെ അഞ്ച് കോണ്ടാക്ടുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് 13 പ്രൈമറി കോണ്ടാക്ടുകളുള്ളതിൽ മൂന്നും രണ്ട് സെക്കന്‍ററി കോണ്ടാക്ടുകളും 25-ാം തീയതി തന്നെ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ഇവർക്ക് ഒമിക്രോൺ ബാധ തന്നെയാണോ എന്നറിയാൻ പരിശോധന നടത്തുകയാണ്.

എല്ലാവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ബംഗളുരു നഗരപാലിക അതോറിറ്റി അറിയിച്ചു. അതേസമയം ഒമിക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് പതിനാറായിരം പേർ ഇതിനോടകം ഇന്ത്യയിലെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു. ഇതിൽ 18 പേർ കൊവിഡ് പൊസിറ്റീവാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

click me!