'എന്തിനിവിടെ വന്നു?', മലയാളി മാധ്യമപ്രവർത്തകരെ ആക്ഷേപിച്ച് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

By Web TeamFirst Published Dec 20, 2019, 1:50 PM IST
Highlights

മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിനാണ്, എന്തിനാണ് അനാവശ്യമായി പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നതെന്നും സദാനന്ദ ഗൗഡ

മംഗളൂരു: മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിനെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. മാധ്യമപ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പ്രതികരണം ആരായുമ്പോഴായിരുന്നു മന്ത്രിയുടെ ആക്ഷേപം. കര്‍ണാടക കേരള ബോര്‍ഡറില്‍  എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തില്‍ നിന്ന് ചിലരത്തെി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ മംഗളൂരുവില്‍ പോയതെന്തിനാണ്, എന്തിനാണ് അനാവശ്യമായി പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുന്നതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. 

അതേസമയം മണിക്കൂറുകള്‍ പിന്നിടുമ്പോഴും മംഗളൂരുവിൽ പൊലീസ് കസ്റ്റഡിയില്‍ എടുത്ത  മാധ്യമപ്രവര്‍ത്തകരെ കുറിച്ച് യാതൊരു വിവരവും ഇല്ല. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും ഇവരുമായി ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ്. പത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരെയാണ് രാവിടെ എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും ക്യാമറാമാൻ പ്രതീഷ് കപ്പോത്തും അടക്കമുള്ളവരും സംഘത്തിലുണ്ട്. 

അതിനിടെ കസ്റ്റഡിയിലായ മാധ്യമപ്രവര്‍ത്തകരെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനും കര്‍ണാടക പൊലീസ് ശ്രമിച്ചു. വ്യാജ മാധ്യമ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തതെന്ന വിശദീകരണമാണ് വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ അടക്കം പൊലീസ് നൽകിയത്. വാര്‍ത്താ ശേഖരണത്തിനുള്ള ഉപകരണങ്ങളോ ആവശ്യമായ രേഖകളോ മാധ്യമപ്രവര്‍ത്തകരുടെ കയ്യിൽ ഉണ്ടായിരുന്നില്ലെന്ന വിചിത്ര വാദവും കര്‍ണാടക പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി. 

click me!