
മുംബൈ: മുംബൈയുടെ മുഖങ്ങളിലൊന്നാണ് ഓഫീസുകളിൽ ഉച്ചഭക്ഷണമെത്തിക്കുന്ന ഡബ്ബാവാലകൾ. യാതൊരു സാങ്കേതിക വിദ്യയുടേയും സഹായമില്ലാതെയുള്ള ഭക്ഷണ വിതരണം ലോക പ്രശസ്തവുമാണ്. എന്നാൽ കൊവിഡ് കാലത്ത് മറ്റ് പലമേഖലകൾ പോലെയും പ്രതിസന്ധിയിലായതോടെ പച്ചക്കറി വിതരണം കൂടി തുടങ്ങി പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലാണ് ഇവർ.
കൊവിഡ് കാലത്ത് ഓഫീസുകള്‍ അടച്ചിട്ടതും ആളുകള്‍ സേവനം ലഭ്യമാക്കുന്നത് കുറഞ്ഞതും സാരമായി ഡബ്ബാവാലകളെ ബാധിച്ചിട്ടുണ്ട്. 5000 ഡബ്ബാവാലകളുണ്ടായിരുന്നതിൽ ഇനിയും ജോലി ഉപേക്ഷിക്കാതെ ബാക്കിയുള്ള 3000 പേർക്കും പറയാനുള്ളത് കഷ്ടപ്പാടിന്‍റെ സമാന അവസ്ഥ തന്നെയാണ്. 130 വർഷത്തെ ചരിത്രമുണ്ട് ഡബ്ബാവാലകള്‍ക്ക് പറയാൻ.
ഇക്കാലമത്രയും ട്രെയിനിലും സൈക്കിളിലുമായി ഭക്ഷണമെത്തിക്കാനുള്ള ഓട്ടപ്പാച്ചിലായിരുന്നു ജീവിതം. ഓഫീസുകൾ ഭൂരിഭാഗവും വർക്ക് ഫ്രം ഹോം തുടങ്ങിയതോടെ ഓർഡറുകൾ കുറഞ്ഞു. വീടുകളിൽ നിന്ന് ഓഫീസുകളിലേക്കുള്ള ഓട്ടം നിന്നതോടെ ഇനി പച്ചക്കറിയുമായി വീടുകളിലേക്കുള്ള ഓട്ടം പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച് ആവശ്യാനുസരണം വിതരണം. ഇതാണ് പദ്ധതി. ചിലയിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിക്കഴിഞ്ഞു. ഇതിനായി ഒരു മൊബൈൽ ആപ്പും വികസിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam