
കൊല്‍ക്കത്ത: ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള പോര് കനക്കുന്നു. വ്യാഴാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കൈലാഷ് വിജയവര്‍ഗിയ എന്നിവരുടെ അകമ്പടി വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 19,20 തീയതികളില്‍ ബംഗാള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തീരുമാനിച്ചു. പാര്‍ട്ടി പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് നദ്ദയുടെയും വിജയ് വര്‍ഗിയയുടെയും വാഹന വ്യൂഹങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ ബംഗാളില്‍ അരാജകത്വവും അക്രമവും വര്‍ധിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. രാഷ്ട്രീയ അക്രമങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടെന്നും തൃണമൂല്‍ ഭരണം ആശങ്കപ്പെടുത്തുന്നതാണെന്നും അമിത് ഷാ വ്യക്തമാക്കി. ബംഗാളില്‍ നിയമവാഴ്ചയില്ലെന്ന് ബിജെപിയുടെ മറ്റ് നേതാക്കളും കുറ്റപ്പെടുത്തി. അതേസമയം കല്ലേറ് സംഭവം ബിജെപിയുടെ നാടകമാണെന്ന് തൃണമൂല്‍ നേതാക്കളും മമതാ ബാനര്‍ജിയും തിരിച്ചടിച്ചു.
ആയുധങ്ങളുമായാണ് ബിജെപി സ്വന്തം റാലിക്ക് എത്തുന്നത്. അവര്‍ പരസ്പരം ആക്രമിച്ച് തൃണമൂലിനെ പഴി ചാരുന്നു. ബിഎസ്എഫ്, സിആര്‍പിഎഫ്, ആര്‍മി, സിഐഎസ്എഫ് എന്നിവരുമായാണ് ബിജെപി സംസ്ഥാനത്ത് എത്തുന്നത്. പിന്നെ എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്- മമതാ ബാനര്‍ജി ചോദിച്ചു.
നദ്ദക്കെതിരെയുണ്ടായ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപി സ്വന്തം സുരക്ഷാ സംഘത്തെ കൊണ്ടുനടന്നിട്ടും ആക്രമിക്കപ്പെടുകയാണെന്നും കേന്ദ്ര സുരക്ഷാ സംഘത്തിനും രക്ഷിക്കാന്‍ കഴിയുന്നില്ലെയെന്നും തൃണമൂല്‍ എംപി മഹുവ മൊയിത്രയും ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ആഴ്ച ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായ സമരം നടത്തിയിരുന്നു. 2021ലാണ് ബംഗാളില്‍ സംസ്ഥാന തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam