
ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 16.90 ലക്ഷത്തിലെത്തി. തുടർച്ചയായി മൂന്നാം ദിവസവും പ്രതിദിന രോഗബാധ അരലക്ഷത്തിന് മുകളിലെത്തിയേക്കും. മരണം എഴുന്നൂറിന് മുകളിലും. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും ഇന്നലെയും പതിനായിരത്തിലേറെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കർണ്ണാടകയിലും തമിഴ്നാട്ടിലും അയ്യായിരത്തിലേറെ പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം കടന്നു. ബിഹാറിൽ മൂവായിരത്തിനും തെലങ്കാനയിൽ രണ്ടായിരത്തിനും അടുത്തെത്തി. ആകെ രോഗബാധയുടെ 65 ശതമാനവും ജൂലൈയിലാണ് റിപ്പോർട്ട് ചെയ്തത്. ദില്ലിയിൽ കൊവിഡ് വ്യാപന തോത് കണ്ടെത്താൻ നടത്തുന്ന അഞ്ച് ദിവസത്തെ സിറോ സർവ്വേ ഇന്ന് തുടങ്ങും. കഴിഞ്ഞ മാസം നടത്തിയ സിറോ സർവ്വേയിൽ പരിശോധനയ്ക്ക് വിധേയമായവരിൽ 23 ശതമാനം ആളുകൾക്കും രോഗം വന്ന് പോയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ മാസവും സർവ്വേ നടത്താൻ ദില്ലി സർക്കാർ തീരുമാനിച്ചത്.
അതേസമയം അൺലോക്ക് മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ രാത്രി കർഫ്യു ഉണ്ടാകില്ല. ഈ മാസം അഞ്ചാം തീയതി മുതൽ കൂടുതൽ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനും അനുമതിയുണ്ട്. കേന്ദ്ര സർക്കാർ ഇളവുകൾ നൽകിയെങ്കിലും നഗരങ്ങളിൽ ലോക്‌ഡൗൺ നീട്ടാൻ പല സംസ്ഥാനങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 മുതൽ ജിംനേഷ്യം,യോഗ കേന്ദ്രങ്ങൾ എന്നിവയ്ക്ക് തുറക്കാം. കടകൾ, ഭക്ഷണശാലകൾ എന്നിവ രാത്രിയും തുറന്നിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ, സ്റ്റേഡിയങ്ങൾ, തിയേറ്റർ, ബാർ, ഓഡിറ്റോറിയം, നീന്തൽക്കുളം, പാർക്ക്, സമ്മേളന ഹാൾ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. അന്താരാഷ്ട്ര വിമാന സർവീസ് വന്ദേ ഭാരത് ദൗത്യം വഴി മാത്രമാണ്. നിയന്ത്രിത മേഖലകളിൽ കർശന നിയന്ത്രണം തുടരും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ അനുവദിക്കും.
വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിനും ഇന്ന് തുടക്കമാകും. 22 രാജ്യങ്ങളിൽ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയിൽ നിന്നാണ് കൂടുതൽ സർവ്വീസുകളും. 341സർവ്വീസുകൾ. കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങളാണ് ഉള്ളത്. കേരളത്തിലേക്ക് കൂടുതൽ സർവ്വീസുള്ളതും ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ഘട്ടത്തിൽ 168 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതുവരെ 2.50 ലക്ഷം ഇന്ത്യാക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam