ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്കായി 10 ലക്ഷം രൂപ നല്‍കി ദലൈലാമ

By Web TeamFirst Published May 7, 2019, 5:09 PM IST
Highlights

'ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും പുനരധിവാസത്തിനായും ദലൈലാമ ട്രസ്റ്റ് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയാണ്'- നവീൻ പട്നായിക്കിനെ അഭിസംബോധന ചെയ്തു‌കൊണ്ടുള്ള കത്തിൽ ദലൈലാമ അറിയിച്ചു.

ഭുവനേശ്വർ: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷക്കായി പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ദലൈലാമ. ഒഡീഷയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പട്നായിക്കിന് ദലൈലാമ കത്തയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും പുനരധിവാസത്തിനുമായി ദലൈലാമ ട്രസ്റ്റിന്റെ ഭാഗമായാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.

'ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും പുനരധിവാസത്തിനായും ദലൈലാമ ട്രസ്റ്റ് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയാണ്'- നവീൻ പട്നായിക്കിനെ അഭിസംബോധന ചെയ്തു‌കൊണ്ടുള്ള കത്തിൽ ദലൈലാമ അറിയിച്ചു.

ചുഴലിക്കാറ്റില്‍ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവരെ ഓർത്തുകൊണ്ടുള്ള സങ്കടം ഞാൻ അറിയിക്കുകയാണ്. ചുഴലിക്കാറ്റ് തകർത്തെറിഞ്ഞ മേഖലകളിലെ ജനങ്ങളുടെ ക്ഷേമത്തിനായും പ്രിയപ്പെട്ടവർ നഷ്ടമായവരുടെ കുടുംബങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കുന്നുവെന്നും ദലൈലാമ കത്തിൽ കുറിച്ചു.

14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ഫോനി ചുഴലിക്കാറ്റില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. നേരത്തെ 381 കോടി കേന്ദ്രം അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000 കോടി നല്‍കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കിയത്.

click me!