മജിസ്ട്രേറ്റിന്‍റെയും പൊലീസിന്‍റെയും സംരക്ഷണയില്‍ വിവാഹത്തിന് കുതിരപ്പുറത്തേറി ദളിത് യുവാവ്

By Web TeamFirst Published May 11, 2019, 3:33 PM IST
Highlights

150ഓളം പൊലീസുകാരുടെ അകമ്പടിയോടെയാണ് സഞ്ജയ് കുതിരപ്പുറത്ത് കയറി വധുവിന്‍റെ വീട്ടിലെത്തി. ആഘോഷം അവസാനിക്കുന്നത് വരെ പൊലീസ് കാവല്‍നിന്നു.

പലന്‍പുര്‍(ഗുജറാത്ത്): സിത്വാഡ എന്ന ഉള്‍ഗ്രാമത്തില്‍ സഞ്ജയ് റാത്തോഡ് എന്ന യുവാവിന്‍റെ വിവാഹം കെങ്കേമമായിരുന്നു. ജില്ല മജിസ്ട്രേറ്റ് മുതല്‍ എസ്പിയടക്കമുള്ള 200ഓളം പൊലീസുകാരാണ്  വെറും കോണ്‍സ്റ്റബിളായ സഞ്ജയിന്‍റെ വിവാഹത്തില്‍ പങ്കെടുത്തത്. ഇതെല്ലാം സഞ്ജയ് എന്ന ചെറുപ്പക്കാരനോടുള്ള സ്നേഹം കൊണ്ടാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാര്യങ്ങള്‍ അങ്ങനെയല്ല.

സഞ്ജയ് ദളിത് വിഭാഗത്തില്‍പ്പെട്ടയാളാണ്. സ്വന്തം വിവാഹത്തിന് കുതിരപ്പുറത്തേറി വധുവിന്‍റെ വീട്ടില്‍ പോകുന്ന ചടങ്ങ് നടത്താന്‍ തീരുമാനിച്ചതാണ് ഉദ്യോഗസ്ഥ പട വിവാഹത്തിനെത്തിയതിന്‍റെ കാരണം. മേല്‍ജാതിക്കാരില്‍നിന്ന് ആക്രമണമുണ്ടാകുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പുവരുത്താനാണ് ഉന്നത ഉദ്യോഗസ്ഥരും പൊലീസും എത്തിയത്. 

വെള്ളിയാഴ്ചയായിരുന്നു സഞ്ജയിന്‍റെ വിവാഹം. കുതിരപ്പുറത്തേറി വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതോടെ മേല്‍ ജാതിക്കാരില്‍നിന്ന് ഭീഷണി വന്നു തുടങ്ങി. ആക്രമണം ഭയന്ന് ചടങ്ങ് ഒഴിവാക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സഞ്ജയ് വഴങ്ങിയില്ല. കല്ല്യാണത്തിന്‍റെ തലേദിവസം മേല്‍ജാതിക്കാര്‍ വിവാഹ ആഘോഷം അലങ്കോലമാക്കാന്‍ ശ്രമിച്ചതോടെ സഞ്ജയ് പൊലീസിനെ ബന്ധപ്പെട്ടു.

എല്ലാ സുരക്ഷയും നല്‍കാമെന്നും വിവാഹം കെങ്കേമമാക്കാമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ സഞ്ജയിക്ക് ഉറപ്പു നല്‍കി. 150ഓളം പൊലീസുകാരുടെ അകമ്പടിയോടെയാണ് സഞ്ജയ് കുതിരപ്പുറത്ത് കയറി വധുവിന്‍റെ വീട്ടിലെത്തിയത്. ആഘോഷം അവസാനിക്കുന്നത് വരെ പൊലീസ് കാവല്‍നിന്നു. 

ഗുജറാത്തില്‍ ദലിത് യുവാക്കള്‍ വിവാഹച്ചടങ്ങിന് കുതിരപ്പുറത്ത് കയറി പോകുന്നത് ആക്രമണങ്ങള്‍ക്ക് കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം വിവാദമായ സംഭവത്തില്‍ ഗുജറാത്ത് ഹൈക്കോടതി ദലിത് യുവാവിന്‍റെ വിവാഹച്ചടങ്ങുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഉത്തരവിട്ടതോടെയാണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച മെഹ്‍സാന ജില്ലയില്‍ വിവാഹ ചടങ്ങിന് കുതിരപ്പുറത്ത് എത്തിയ ദളിത് യുവാവിനും സമുദായത്തിനും മേല്‍ജാതിക്കാര്‍ വിലക്ക് കല്‍പ്പിച്ചിരുന്നു. യുവാവിന്‍റെ  പിതാവിന്‍റെ പരാതിയില്‍ ഗ്രാമമുഖ്യനുള്‍പ്പെടെ മേല്‍ജാതിയില്‍പ്പെട്ട കുറ്റക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

click me!