വിവാഹ ദിവസം ദളിത് യുവാവിനെ ക്ഷേത്രത്തിൽ കയറ്റിയില്ല; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

By Web TeamFirst Published Nov 24, 2019, 11:01 AM IST
Highlights

ബന്ധപ്പെട്ട ഗ്രാമത്തിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. 

ഭോപ്പാൽ: ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ദളിത് വരനെ തടഞ്ഞതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. മന്ത്രി തുളസിറാം സിലാവത്താണ് സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്.

വ്യാഴ്ചയാണ് സംഭവം നടന്നത്. ബിറോഡ ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിൽ നിന്നാണ് ദളിത് യുവാവിനെയും കുടുംബത്തെയും തടഞ്ഞത്. ഇവർ ക്ഷേത്രത്തിൽ പ്രവേശിക്കാതിരിക്കാൻ അധികൃതർ ക്ഷേത്ര വാതിലുകൾ അടച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

ബന്ധപ്പെട്ട ഗ്രാമത്തിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം, പ്രദേശത്ത് മുമ്പും ഇത്തരം വിവേചനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പൊലീസ് പറയുന്നു.

click me!